കേരളത്തിന് മുസ് ലിം മുഖ്യമന്ത്രി എന്ന മുദ്രാവാക്യമാവും സിപിഎം ഇനി മുന്നോട്ടുവയ്ക്കുക; വെള്ളാപ്പള്ളിയെ പിന്തുണച്ച് കെ സുരേന്ദ്രന്‍

Update: 2024-06-13 09:03 GMT

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച തടയാന്‍ സിപിഎം കൂടുതല്‍ മുസ് ലിം പ്രീണനത്തിലേക്ക് പോവുമെന്നും കേരളത്തിന് മുസ് ലിം മുഖ്യമന്ത്രി എന്ന മുദ്രാവാക്യമാവും ഇനി അവര്‍ മുന്നോട്ടുവയ്ക്കുകയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രണ്ട് മുന്നണികളും അവരുടെ തെറ്റ് തിരുത്താന്‍ തയ്യാറല്ലെന്നതിന്റെ ഉദാഹരണമാണ് രാജ്യസഭാ സീറ്റ് നിര്‍ണയം. അതില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. ജി സുധാകരന്‍ സത്യം തുറന്നു പറഞ്ഞിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ സിപിഎമ്മിനെ പോപുലര്‍ഫ്രണ്ട് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പല ബ്രാഞ്ച് ലോക്കല്‍ ഏരിയാ കമ്മിറ്റികളിലും ഒരു പ്രത്യേക സമുദായത്തിന് അനര്‍ഹമായ പരിഗണന ലഭിക്കുന്നുവെന്ന് സിപിഎം അണികള്‍ തന്നെ തുറന്ന് പറയുന്നു. ഇതിന്റെ പരിണിതഫലമാണ് കമ്മ്യൂണിസ്റ്റ് കോട്ടകളിലെ ബിജെപിയുടെ മുന്നേറ്റം. യുഡിഎഫും പ്രീണന രാഷ്ട്രീയമാണ് പിന്തുടരുന്നത്. ഈ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായത് പിണറായി വിജയന്റെ സിഎഎ പ്രചാരണം മൂലമുണ്ടായ മുസ് ലിം വോട്ടുകളുടെ ഏകീകരണമാണ്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ആദ്യം ചെയ്യുക പോപുലര്‍ഫ്രണ്ടിന്റെ നിരോധനം നീക്കാനുള്ള ഫയലില്‍ ഒപ്പിടുകയാവുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

    കേരളത്തില്‍ ബിജെപിയുടേത് ആശയപരമായ വിജയമാണ്. അതിന് കാരണം പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ പിന്തുണച്ചത് കൊണ്ടാണ്. ആറ്റിങ്ങലും ആലപ്പുഴയിലും മാത്രമല്ല കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലയിലും മാറ്റം വ്യക്തമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ജയിക്കുക പോയിട്ട് ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും വരില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാല്‍ ഒരു സീറ്റ് ജയിക്കുകയും രണ്ടിടത്ത് ഒന്നര ശതമാനം വോട്ടിന് മാത്രം പിറകിലാവുകയും നാല് മണ്ഡലങ്ങളില്‍ വന്‍മല്‍സരം നടത്തുകയും ചെയ്യാന്‍ ബിജെപിക്ക് സാധിച്ചു. എന്‍ഡിഎയുടെ വോട്ട് 20 ശതമാനത്തിലെത്തിയത് കേരള രാഷ്ട്രീയത്തിന്റെ മാറ്റം പ്രകടമാക്കുന്നതാണ്. 20 ശതമാനം വോട്ട് വിഹിതം നേടിയ സംസ്ഥാനങ്ങളിലെല്ലാം വലിയ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്ക് പഴയത് പോലെ ബിജെപിയോട് തൊട്ടുകൂടായ്മയില്ലെന്ന് വ്യക്തമായി. മണിപ്പൂര്‍ വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞത് സ്വാഗതാര്‍ഹമാണ്. ഇത് തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നെങ്കില്‍ കേരളത്തിന്റെ വികസനത്തിന് അത് ഏറെ ഗുണകരമായേനെയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി രഘുനാഥ്, എന്‍ പി രാധാകൃഷ്ണന്‍, ഇ പ്രശാന്ത്കുമാര്‍ സംബന്ധിച്ചു.

Tags: