തിരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം: തയ്യാറെടുപ്പ് നടത്താന്‍ പ്രാദേശികഘടകത്തിന് നിര്‍ദേശം

ശത്രുപക്ഷം ഉയര്‍ത്തിവിടുന്ന പ്രചാരണങ്ങളെ ജനങ്ങളെ ഒപ്പം നിര്‍ത്തി പ്രതിരോധിക്കാന്‍ നേതൃത്വം നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും പാര്‍ട്ടിഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള കണ്‍വന്‍ഷനുകള്‍ ഉടന്‍ ചേരും.

Update: 2019-01-11 06:13 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി സിപിഎം. പ്രചാരണം ശക്തമാക്കി മുന്‍കൈ നേടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ പ്രാദേശികഘടകത്തിന് നിര്‍ദേശം നല്‍കി. നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമായി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയിലാണ് നിര്‍ദേശം. സംസ്ഥാന സമിതിയംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, പാര്‍ലമെന്റ്- അസംബ്ലി മണ്ഡലം കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ശില്‍പശാല നടത്തിയത്. മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഓരോ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറിമാരും വിശദീകരിച്ചു.

എന്‍എസ്എസ് ഉയര്‍ത്തിവിട്ട വികാരം സിപിഎം വിരുദ്ധവികാരമായി മാറിയിട്ടുണ്ടെന്ന് ലോക്‌സഭാ മണ്ഡലം സെക്രട്ടറിമാര്‍ നേതൃത്വത്തെ അറിയിച്ചു. ശത്രുപക്ഷം ഉയര്‍ത്തിവിടുന്ന പ്രചാരണങ്ങളെ ജനങ്ങളെ ഒപ്പം നിര്‍ത്തി പ്രതിരോധിക്കാന്‍ നേതൃത്വം നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും സംസ്ഥാന നേതൃത്വം പാര്‍ട്ടിഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള കണ്‍വന്‍ഷനുകള്‍ ഉടന്‍ ചേരും. വീടുകള്‍ കയറിയുള്ള പ്രചാരണത്തിലൂടെ പാര്‍ട്ടിവിരുദ്ധ വികാരം മറികടക്കാമെന്നും നേതാക്കള്‍ വ്യക്തമാക്കി.




Tags: