ഇന്ത്യയും യുഎഇയും ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

Update: 2021-02-02 18:45 GMT

റിയാദ്: ഇന്ത്യയും യുഎഇയും ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. സൗദി പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകരും അവരുടെ കുടുംബവും ഒഴികേയുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കുള്ളത്. ബുധനാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

കൊറോണ വൈറസ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള അലംഭാവം രാജ്യത്ത് ദിവസേനയുള്ള കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമായതായി സൗദി അറേബ്യ ആരോഗ്യമന്ത്രി പറഞ്ഞു. സൗദി അറേബ്യയില്‍ ശനിയാഴ്ച 270 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, അതില്‍ 105 എണ്ണം തലസ്ഥാനമായ റിയാദില്‍.

രാജ്യത്ത് ഇതുവരെ 367,800 കേസുകളും 6,370 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസേനയുള്ള കേസുകള്‍ ജൂണ്‍ മാസത്തില്‍ 4,000 ന് മുകളില്‍ ആയിരുന്നത് ജനുവരി തുടക്കത്തില്‍ നൂറിന് താഴെയായിരുന്നു.

'നിര്‍ഭാഗ്യവശാല്‍ അടുത്ത ദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ കാര്യക്ഷമമാക്കുന്നതിലെ വീഴ്ച്ചയാണ് രോഗ വ്യാപനത്തിന് പ്രധാന കാരണം,' ആരോഗ്യമന്ത്രി തൗഫീഖ് അല്‍-റബിയ പറഞ്ഞു.

Tags:    

Similar News