നിസാമുദ്ദീനില്‍ പോയ വ്യക്തിക്ക് കൊറോണയെന്ന് വ്യാജ പ്രചാരണം; വാടാനപ്പള്ളിയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ഡിജിപിയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിസ്സാര വകുപ്പുകള്‍ ചാര്‍ത്തിയാണ് ബിജെപി നേതാവിനെതിരേ കേസെടുത്തിരിക്കുന്നത്.

Update: 2020-04-09 12:25 GMT

വാടാനപ്പള്ളി(തൃശൂര്‍): വാടാനപ്പള്ളിയില്‍ നിന്ന് നിസാമുദ്ദീനില്‍ തബ്‌ലീഗ് സമ്മേളനത്തിന് പോയ വ്യക്തിക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തിയ ബിജെപി നേതാവിനെ വാടാനപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു.

ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പതിനേഴാം വാര്‍ഡ് അംഗവുമായ കെ ബി ശ്രീജിത്തിനെയാണ് വ്യാജ വാര്‍ത്ത ചമച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കേരള പോലിസ് ആക്ട് 120 പ്രകാരം കേസെടുത്തതായി വാടാനപ്പള്ളി പോലിസ് തേജസിനോട് പറഞ്ഞു.


വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച വ്യക്തിക്കെതിരേ കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം ടി എന്‍ പ്രതാപന്‍ എംപി തൃശൂര്‍ കലക്ട്രേറ്റില്‍ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന കൊവിഡ് 19 പ്രതിരോധ നടപടികളുടെ അവലോകന യോഗത്തില്‍ ആവശ്യപെട്ടിരുന്നു.

വ്യാജ ശബ്ദ സന്ദേശത്തിനെതിരെ എസ്ഡിപിഐ, യൂത്ത് ലീഗ്, എഐവൈഎഫ് എന്നി സംഘടനകളും പൊതു പ്രവര്‍ത്തകനായ നാസിമും ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം, പ്രദേശത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ബിജെപി നേതാവിനെ പോലിസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നായി പരാതിക്കാര്‍ ആരോപിച്ചു. വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ഡിജിപിയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിസ്സാര വകുപ്പുകള്‍ ചാര്‍ത്തിയാണ് ബിജെപി നേതാവിനെതിരേ കേസെടുത്തിരിക്കുന്നത്. നിസാമുദ്ദീന്‍ പോയ വ്യക്തിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇയാളുമായി ബന്ധമുള്ള പഞ്ചായത്ത് സെക്രട്ടറിക്ക് കൊറോണ ബാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും ബിജെപി നേതാവ് പ്രചരിപ്പിച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറി പള്ളിയില്‍ നിരീക്ഷണത്തില്‍ ആണെന്നും ഇയാള്‍ വോയ്‌സ് ക്ലിപ്പില്‍ പറയുന്നു. വോയ്‌സ് ക്ലിപ്പ് വ്യാപകമായി പ്രചരിപ്പിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെടുന്നുണ്ട്. പ്രദേശത്ത് പരിഭ്രാന്തി പരത്തി വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള ആസൂത്രിതമായ നീക്കമാണ് നടത്തിയതെന്ന് തെളിഞ്ഞിട്ടും അറസ്റ്റ് ചെയ്ത് വിട്ടയച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് പരാതിക്കാര്‍ ആരോപിച്ചു.

മറ്റിടങ്ങളില്‍ വ്യജ സന്ദേശം പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്ത വാര്‍ത്തകള്‍ ഫോട്ടോ സഹിതം പ്രചരിപ്പിക്കുന്ന പോലിസ് പക്ഷേ വാടാനപ്പള്ളിയിലേ ബിജെപി നേതാവിന്റെ അറസ്റ്റ് മൂടിവെക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. 

Tags:    

Similar News