ഡല്‍ഹി കലാപാസൂത്രണം; കപില്‍ മിശ്രക്കെതിരായ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് കോടതി

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതിലും പരിക്കേറ്റതിലും ഭൂരിഭാഗവും മുസ് ലിംകളായിരുന്നു.

Update: 2021-02-09 09:16 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ മുസ്‌ലിം വിരുദ്ധ കലാപത്തിന് ആസൂത്രണം നടത്തിയെന്ന പരാതിയില്‍ ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരായ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്ന് ഡല്‍ഹി കോടതി പോലിസ് നിര്‍ദേശം നല്‍കി. സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ നല്‍കിയ പരാതിയിലാണ് കോടതി ആക്ഷന്‍ ടെക്കണ്‍ റിപ്പോര്‍ട്ട്(എടിആര്‍) സമര്‍പ്പിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയത്.


വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതിലും പരിക്കേറ്റതിലും ഭൂരിഭാഗവും മുസ് ലിംകളായിരുന്നു.

കപില്‍ മിശ്രയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ കഴിഞ്ഞ വര്‍ഷമാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഡല്‍ഹി കോടതി പോലിസിനോട് റിപ്പോര്‍ട്ട് തേടിയത്.

'വിഷയം നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡല്‍ഹി പോലിസില്‍ നിന്ന് റിപ്പോര്‍ട്ട് തേടുന്നത്. മാര്‍ച്ച് ഒമ്പതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം'. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹിമാന്‍ഷു രാമന്‍ സിംഗ് ജനുവരി 29 ന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ കലാപം ഇളക്കി വിട്ടതില്‍ മിശ്രക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ദര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കിംവദന്തി പരത്തിയതും പ്രകോപനപരമായ പ്രസംഗവും കലാപത്തിലേക്ക് നയിച്ചു. മിശ്രയെ അറസ്റ്റ് ചെയ്യാനും നിയമപ്രകാരം വിചാരണ നടത്താനും പോലിസിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ഷ് മന്ദര്‍ കോടതിയോട് ആവശ്യപ്പെട്ടു.

2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ വര്‍ഗീയ അക്രമവുമായി ബന്ധപ്പെട്ട് ജൂലൈ അവസാന വാരത്തില്‍ ബിജെപി നേതാവ് കപില്‍ മിശ്രയെ ചോദ്യം ചെയ്തതായി ഡല്‍ഹി പോലിസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

മിശ്രയുടെ പ്രസംഗം വെറുപ്പുളവാക്കുന്നതാണെന്നും 50 ലധികം പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. 1984 ലെ സിഖ് കൂട്ടക്കൊലയ്ക്ക് ശേഷം തലസ്ഥാന നഗരി കണ്ട ഏറ്റവും ഭീകരമായ് ആക്രമണമാണ് നടന്നത്. മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ പരസ്യ പ്രസ്താവനകള്‍ നടത്തിയതിന് ശേഷമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഫെബ്രുവരി 23 ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദിലെ സിഎഎ വിരുദ്ധ പ്രതിഷേധ സ്ഥലം ഒഴിപ്പിക്കാന്‍ മിശ്ര പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. പോലിസ് പ്രക്ഷോഭകരെ ഒഴിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ അത് ഏറ്റെടുക്കുമെന്നും മിശ്ര പരസ്യമായി ഭീഷണിമുഴക്കിയിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. മുസ് ലിംകള്‍ക്കെതിരേ വ്യാപകമായ് ആക്രമണമാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. മുസ് ലിം കച്ചവട സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും തിരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കി. 700 ല്‍ അധികം ക്രിമിനല്‍ കേസുകളാണ് ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനകം ഒന്നിലധികം കുറ്റപത്രങ്ങളും സമര്‍പ്പിച്ചു. എന്നാല്‍, ഒരു കുറ്റപത്രത്തിലും മിശ്രയുടെ പേര് നല്‍കിയിട്ടില്ല.

ഡല്‍ഹി അക്രമത്തെക്കുറിച്ചുള്ള ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കപില്‍ മിശ്രയുടെ പ്രസംഗത്തെ തുടര്‍ന്നാണ് കലാപങ്ങള്‍ തുടങ്ങിയതെന്നും എന്നിട്ടും മിശ്രക്കെതിരേ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു. ഡല്‍ഹി കലാപ കേസിലെ അന്വേഷണം വിവേചനപരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


english title:

Court Asks Delhi Police to File Action Taken Report on Plea Against Kapil Mishra for Inciting Riots

Tags:    

Similar News