കൊവിഡ് 19: കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 29 വരെ നിരോധനാജ്ഞ

തൃശൂര്‍ ഒല്ലൂര്‍ ഫെറോന പള്ളിയിലെ പ്രധാന പുരോഹിതനടക്കം എട്ടോളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു

Update: 2020-03-21 11:07 GMT

തൃശൂര്‍: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ മാര്‍ച്ച് 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ മാര്‍ച്ച് 29 ഒരാഴ്ചയാണ് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്. 27ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവുതീണ്ടലും 29ന് ഭരണിയുമാണ്. ഇതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

    കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഭരണി മഹോല്‍സവം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി 1,500 ഓളം പേരാണ് കഴിഞ്ഞ ദിവസങ്ങളായി ഭരണി ഉല്‍സവത്തില്‍ പങ്കെടുത്തത്. മഹോല്‍സവത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളാണ് 27ലെ കാവുതീണ്ടലും 29ലെ ഭരണിയും. ഈ ദിവസങ്ങളിലും വന്‍ജനത്തിരക്ക് ഉണ്ടാവുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത്.

    അതിനിടെ, തൃശൂര്‍ ഒല്ലൂര്‍ ഫെറോന പള്ളിയിലെ പ്രധാന പുരോഹിതനടക്കം എട്ടോളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. 50ലേറെ ആളുകള്‍ സംഘടിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് 40 മണിക്കൂര്‍ നീളുന്ന നിത്യാരാധന സംഘടിപ്പിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. തൃശൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ക്കെതിരേ നിര്‍ദേശങ്ങള്‍ ലംഘിച്ച് മണ്ണുത്തിയിലും പഴയന്നൂരും പുറത്തിറങ്ങി നടന്നതിന് പോലിസ് കേസെടുത്തു.





Tags:    

Similar News