സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ് ല്യാര്‍ അന്തരിച്ചു

Update: 2024-04-26 03:37 GMT

തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ് ല്യാര്‍ അന്തരിച്ചു. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറയില്‍ പട്ടന്മാര്‍തൊടി സൈതാലി ഹാജിയുടെയും ഇരിമ്പിളിയം കടവത്ത് പറമ്പില്‍ പോക്കര്‍ സാഹിബിന്റെ മകള്‍ ഫാത്വിമയുടെയും മകനായി 1947ലാണ് കുഞ്ഞിമുഹമ്മദ് മുസ്‌ല്യാരുടെ ജനനം. നാട്ടിലെ താജുല്‍ ഇസ് ലാം മദ്‌റസയിലായിരുന്നു പ്രാഥമിക പഠനം. തിരുവേഗപ്പുറ, വെങ്ങാട്, കുരുവമ്പലം, ചെമ്മല എന്നിവിടങ്ങളിലെ ദര്‍സുകളില്‍ തുടര്‍പഠനം. 1960 ല്‍ വളാഞ്ചേരിയില്‍ എംകെഎ ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് മാട്ടൂല്‍, കോറോങ്ങോത്ത് തുടങ്ങിയ ദര്‍സുകളിലും പഠനം. പാലേമാവ് പള്ളിദര്‍സിലെ പഠനശേഷം, 1971ല്‍ ഉപരിപഠനാര്‍ഥം വെല്ലൂര്‍ ബാഖിയാത്തിലെത്തി. പഠനശേഷം കുഴിങ്ങര പള്ളിയില്‍ ഖത്വീബും മുദരിസുമായി ജോലി ചെയ്തു. പിന്നീട് മദ്‌റസാധ്യാപകനായും സ്വദ്‌റായും പ്രവര്‍ത്തിച്ചു. 1974 മുതല്‍ 2016 വരെ കുഴിങ്ങര ജുമാമസ്ജിദില്‍ മുദരിസും ഖത്വീബുമായി സേവനം ചെയ്തു. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്, തൊഴിയൂര്‍ ദാറുര്‍റഹ്മ പ്രവര്‍ത്തക സമിതി അംഗം, സമസ്ത ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഖബറടക്കം രാവിലെ 11ന് പട്ടാമ്പി പൈലിപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Tags: