'ദുര്‍ഗാപൂജ കൃത്യസമയത്ത് നടക്കും, മുഹറം റാലിയുടെ സമയം മാറ്റിക്കോളൂ'; വര്‍ഗീയ പരാമര്‍ശവുമായി യോഗി

മുഹറം റാലിയുടെ സമയത്ത് എന്തെങ്കിലും അക്രമ സംഭവങ്ങളുണ്ടായാല്‍ അത് അവരുടെ അവസാന റാലിയായിരിക്കുമെന്ന താക്കീതും താന്‍ നല്‍കിയതായി യോഗി പറഞ്ഞു. ബംഗാളിലെ ബാരാസാതില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് യോഗി മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്.

Update: 2019-05-15 11:29 GMT

ന്യൂഡല്‍ഹി: വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗാളിലെ ബാരാസാതില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് യോഗി മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. ദുര്‍ഗാപൂജയുടെ സമയം മാറ്റരുതെന്നും വേണമെങ്കില്‍ മുഹറം റാലിയുടെ സമയത്തില്‍ മാറ്റം വരുത്താമെന്നും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് യോഗി പ്രസംഗിച്ചത്.

കഴിഞ്ഞ വര്‍ഷം ബംഗാളില്‍ ദുര്‍ഗാപൂജ നിര്‍ത്തലാക്കാന്‍ മമത ബാനര്‍ജി ശ്രമിച്ചു എന്ന് യോഗി ആരോപിച്ചു. 'രാജ്യത്ത് കഴിഞ്ഞ വര്‍ഷം മുഹറവും ദുര്‍ഗാപൂജയും ഒരേ ദിവസമായിരുന്നു. ഉത്തര്‍പ്രദേശിലും ബംഗാളിലും ഒരേ ദിവസം തന്നെയായിരുന്നു. രണ്ട് പരിപാടികളും ഒരേ ദിവസം വന്നതിനാല്‍ എന്ത് ചെയ്യണമെന്ന് ഉത്തര്‍പ്രദേശിലെ പോലിസ് ഉദ്യോഗസ്ഥര്‍ ചോദിച്ചു. ദുര്‍ഗാപൂജയുടെ സമയം മാറ്റണമോ എന്ന് അവര്‍ ചോദിച്ചിരുന്നു. എന്നാല്‍, ദുര്‍ഗാപൂജയുടെ സമയത്തില്‍ യാതൊരു മാറ്റവും ഉണ്ടാകരുതെന്ന് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി. പൂജ കൃത്യസമയത്ത് തന്നെ നടക്കും. സമയം മാറ്റണമെങ്കില്‍ മുഹറം റാലിയുടെ സമയം മാറ്റൂ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.'യോഗി ആദിത്യനാഥ് പ്രസംഗിച്ചു.

മാത്രമല്ല, മുഹറം റാലിയുടെ സമയത്ത് എന്തെങ്കിലും അക്രമ സംഭവങ്ങളുണ്ടായാല്‍ അത് അവരുടെ അവസാന റാലിയായിരിക്കുമെന്ന താക്കീതും താന്‍ നല്‍കിയതായി യോഗി പറഞ്ഞു.




Tags: