കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം; ബിജെപി ചാക്കില്‍ ആരൊക്കെയെന്ന് ഇന്നറിയാം

വൈകിട്ട് 6ന് ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. ആകെയുളള 79ല്‍ എത്ര എംഎല്‍എമാര്‍ യോഗത്തിനെത്തും എന്നത് നിര്‍ണായകമാവും.

Update: 2019-05-29 02:11 GMT

ബെംഗലുരു: കര്‍ണാടകയില്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമം തുടരവേ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. വൈകിട്ട് 6ന് ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. ആകെയുളള 79ല്‍ എത്ര എംഎല്‍എമാര്‍ യോഗത്തിനെത്തും എന്നത് നിര്‍ണായകമാവും.

വിമതസ്വരമുയര്‍ത്തിയ രമേഷ് ജാര്‍ക്കിഹോളി, തനിക്കൊപ്പം ആറ് എംഎല്‍എമാര്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ബിജെപി പ്രലോഭനത്തിനു വഴങ്ങി ഇവര്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസും ജെഡിഎസും വീണ്ടും സമ്മര്‍ദത്തിലാവും. കഴിഞ്ഞ രണ്ട് ദിവസമായി കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരുമായി മുഖ്യമന്ത്രി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭാ വികസനത്തില്‍ പരിഗണിക്കുമെന്ന് ഇവര്‍ക്ക് ഉറപ്പുനല്‍കിയതായാണ് സൂചന.

മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളി, ചിക്കബല്ലാപുര എംഎല്‍എ കെ സുധാകര്‍ എന്നിവരാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുമായി സംസാരിച്ചത്. മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായി.

രമേഷ് ജാര്‍ക്കിഹോളിക്കൊപ്പമുളള വടക്കന്‍ കര്‍ണാടകത്തിലെ ആറ് എംഎല്‍എമാരെ രാജിവയ്പ്പിക്കാനും ബിജെപി നീക്കമുണ്ട്. ഇവരെ ഗോവയിലെ റിസോര്‍ട്ടിലേക്ക് ഉടന്‍ മാറ്റുമെന്നാണ് റിപോര്‍ട്ടുകള്‍. അതേ സമയം, ഇന്ന് ഡല്‍ഹിയിലെത്തുന്ന യെദ്യൂരപ്പ അമിത് ഷായുമായി കര്‍ണാടകത്തിലെ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനിടെ മണ്ഡ്യയില്‍ ജയിച്ച സുമലത അംബരീഷും ബിഎസ് യെദ്യൂരപ്പയെ കണ്ടു. സുമലത ബിജെപിയില്‍ ചേരുമെന്നാണ് സൂചന.  

Tags:    

Similar News