'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം'; സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ജാതി, മത, വർഗീയ ചേരിതിരിവുകൾക്കെതിരെ പോരാട്ടം തുടരാനുള്ള ആഹ്വാനം നമുക്ക് ഉച്ചൈസ്തരം മുഴക്കാം. പുരോഗതിക്കും സമത്വപൂർണമായ ജീവിതത്തിനുമായി കൈകോർക്കാം.

Update: 2022-08-14 16:54 GMT

തിരുവനന്തപുരം: രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈദേശികാധിപത്യത്തിനെതിരേ പൊരുതിയ ധീര സ്വാതന്ത്ര്യസമര പോരാളികളെ ഈയവസരത്തിൽ നമുക്ക് സ്മരിക്കാമെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി.

ജാതി, മത, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി കൊളോണിയൽ ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തു നിൽപ്പാണ് അവർ നടത്തിയത്. അവരുയർത്തിയ ആ മുന്നേറ്റമാണ് സ്വാതന്ത്ര്യവും ഭരണഘടനാധിഷ്ടിതവുമായ ജനാധിപത്യ വ്യവസ്ഥയും നമുക്ക് സമ്മാനിച്ചത്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്.

കേരളത്തിലെ പഴശ്ശി കലാപവും മലബാർ കലാപവും പുന്നപ്ര വയലാർ സമരവുമെല്ലാം വൈദേശികാധിപത്യത്തിനെതിരേ രൂപം കൊണ്ട ആ വലിയ സമരത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്. സ്വാതന്ത്ര്യ സമരം പകർന്ന ഊർജത്തിൽ നിന്നുമാണ് ഭാഷാ സംസ്ഥാനങ്ങളുടേയും ഫെഡറൽ വ്യവസ്ഥയുടേയും ആശയ രൂപീകരണമുണ്ടാകുന്നത്.

അതിനാൽ സ്വാതന്ത്ര്യ ദിനാഘോഷം സ്വാതന്ത്ര്യ സമരം മുന്നോട്ടു വയ്ക്കുന്ന ഈ മഹത് മൂല്യങ്ങൾ സംരക്ഷിക്കണമെന്ന ഓർമപ്പെടുത്തലാണ്. രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസരം കൂടിയാണിത്.

ജാതി, മത, വർഗീയ ചേരിതിരിവുകൾക്കെതിരെ പോരാട്ടം തുടരാനുള്ള ആഹ്വാനം നമുക്ക് ഉച്ചൈസ്തരം മുഴക്കാം. പുരോഗതിക്കും സമത്വപൂർണമായ ജീവിതത്തിനുമായി കൈകോർക്കാം. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആ വിധത്തിൽ ഏറ്റവും അർഥവത്താകട്ടെ. എല്ലാവർക്കും ഹൃദയപൂർവം സ്വാതന്ത്ര്യ ദിന ആശംസകൾ നേരുന്നു. 

Similar News