സിഎഎ: മതസ്പര്‍ധക്കെതിരെ നടപടിയെന്ന് പോലിസ്; കട അടച്ചവര്‍ക്കും ആര്‍എസ്എസ് വിരുദ്ധ ബാനര്‍ കെട്ടിയവര്‍ക്കും മതസ്പര്‍ധ കേസ്

ബിജെപി പരിപാടി ബഹിഷ്‌കരിച്ച് കടകള്‍ അടച്ചവര്‍ക്കെതിരേയും മതസ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ച് പോലിസ് കേസെടുത്തിരുന്നു. തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി പൗണ്ടില്‍ കടകള്‍ അടച്ച 23 വ്യാപാരികള്‍ക്കെതിരേയാണ് പോലിസ് സ്വമേധയാ കേസെടുത്തത്.

Update: 2020-02-06 07:53 GMT

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബിജെപിക്കും ആര്‍എസ്എസ്സിനും എതിരേ നിലപാടെടുത്തവര്‍ക്കെതിരേ വ്യാപകമായി മതസ്പര്‍ധ കേസുകള്‍ എടുക്കുന്നത് വിവാദമാകുന്നതിനിടെ മുന്നറിയിപ്പുമായി പോലിസ്. സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അത് പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് കേരള പോലിസ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സൈബര്‍ സെല്‍, ഹൈടെക്ക് സെല്‍, സൈബര്‍ ഡോം എന്നിവയുടെ നേതൃത്വത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേരള പോലിസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

അതേസമയം, പൗരത്വ പ്രക്ഷോഭവങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ കേരള പോലിസ് ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ആര്‍എസ്എസ്സിനെതിരേ ബാലരാമപുരത്ത് ബാനര്‍ കെട്ടിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

ബിജെപി പരിപാടി ബഹിഷ്‌കരിച്ച് കടകള്‍ അടച്ചവര്‍ക്കെതിരേയും മതസ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ച് പോലിസ് കേസെടുത്തിരുന്നു. തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി പൗണ്ടില്‍ കടകള്‍ അടച്ച 23 വ്യാപാരികള്‍ക്കെതിരേയാണ് പോലിസ് സ്വമേധയാ കേസെടുത്തത്.

ബിജെപി പരിപാടിക്ക് മുന്നോടിയായി കടകള്‍ അടക്കരുതെന്ന് ആവശ്യപ്പെട്ട് പോലിസ് നോട്ടിസ് നല്‍കിയതും വിവാദമായിരുന്നു. ബിജെപി നടത്തുന്ന റാലിയും പൊതുസമ്മേളനവും ബഹിഷ്‌ക്കരിച്ച് കടകള്‍ അടക്കയ്ക്കരുതെന്നും അടച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും താക്കീത് ചെയ്താണ് കടയുടമകള്‍ക്ക് പോലിസ് നോട്ടീസ് നല്‍കിയത്. ഇടുക്കി കരിമണ്ണൂര്‍ പോലിസാണ് കടയുടമകള്‍ക്ക് നോട്ടിസ്് നല്‍കിയത്. സബ് ഇന്‍സ്‌പെക്ടര്‍ ഒപ്പുവച്ച നോട്ടിസാണ് പ്രദേശത്തെ കടയുടമകള്‍ക്ക് നല്‍കിയത്.

'5ാം തിയ്യതി കരിമണ്ണൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി എന്ന സംഘടന പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള പ്രകടനവും പൊതു സമ്മേളനവും നടത്തുന്നതായി അറിയുന്നു. ആയതിനോടനുബന്ധിച്ച് മൂന്‍കൂര്‍ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തരുതെന്നും വര്‍ഗീയ പരമായ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുരുതെന്നും അല്ലാത്ത പക്ഷം കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നു'മാണ് ബുധനാഴ്ച നല്‍കിയ നോട്ടിസിലുള്ളത്. നോട്ടിസ് വിവാദമായതോടെ കൊടുത്തതെല്ലാം പോലിസ് തിരിച്ചുവാങ്ങി തടിതപ്പി. അതേസമയം, ബിജെപിക്കെതിരേ ജനങ്ങള്‍ നിലപാടെടുക്കുന്നത് എങ്ങിനേയാണ് മതസ്പര്‍ധയാകുന്നത് എന്ന ചോദ്യത്തിന് പോലിസ് കൃത്യമായി മറുപടി പറയുന്നില്ല.

Tags:    

Similar News