പൗരത്വ പ്രക്ഷോഭത്തില്‍ മൗനം, കര്‍ഷകര്‍ക്ക് പിന്തുണ; കെജ്‌രിവാളിന്റെ നിലപാട് ചര്‍ച്ചയാവുന്നു

പൗരത്വ പ്രക്ഷോഭം ഡല്‍ഹിയില്‍ കൊടുമ്പിരി കൊണ്ട സമയത്ത് ആം ആദ്മി പാര്‍ട്ടിയോ അരവിന്ദ് കെജ് രിവാളോ അതിന്റെ ഭാഗമായിരുന്നില്ല. ഒരു അഭിമുഖത്തിലും, ഒന്നുരണ്ടു ട്വീറ്റുകളിലും മാത്രമാണ് അരവിന്ദ് കേജ്‌രിവാളോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ പൗരത്വ നിയമ ഭേദഗതിയെപ്പറ്റി വാതുറന്ന് എന്തെങ്കിലും രണ്ടക്ഷരം പറഞ്ഞത്.

Update: 2020-12-14 07:27 GMT

ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങളെ പോലും തകര്‍ക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേ മൗനം പാലിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കര്‍ഷക പ്രക്ഷോഭത്തിന് പരസ്യ പിന്തുണയുമായി എത്തിയത് ചര്‍ച്ചയാവുന്നു. ഡല്‍ഹി കേന്ദ്രമായി രാജ്യവ്യാപകമായി നടന്ന പൗരത്വ പ്രക്ഷോഭത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്ന കെജ്‌രിവാള്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതാണ് ചര്‍ച്ചയാവുന്നത്. കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് കെജ്രിവാള്‍ ഉപവാസമനുഷ്ഠിച്ച് സമരത്തിന്റെ ഭാഗമാവുന്നുണ്ട്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സഹായം ചെയ്യാനും പിന്തുണ പ്രഖ്യാപിക്കാനും കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരോടും രാജ്യത്തെ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

സമരം ചെയ്യുന്ന കര്‍ഷകരെ ദേശവിരുദ്ധരാണെന്ന് ആരോപിച്ച ബിജെപി നേതാക്കളെയും മന്ത്രിമാരെയും കെജ്രിവാള്‍ വിമര്‍ശിച്ചു. രാജ്യത്തെ നിരവധി പാട്ടുകാരും കലാകാരന്മാരും ഡോക്ടര്‍മാരും കച്ചവടക്കാരും ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങളും കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തിയിരിക്കുന്നു. അവരെയും ദേശവിരുദ്ധരാണെന്ന് പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

കര്‍ഷക നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തി. രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകര്‍ നിരാഹാരസമരത്തിലാണ്. കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞാന്‍ ഇന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആം ആദ്മി പാര്‍ട്ടി ഓഫിസില്‍ നിരാഹാരമിരിക്കും സിസോദിയ ട്വീറ്റ് ചെയ്തു.

അതേസമയം, പൗരത്വ പ്രക്ഷോഭം ഡല്‍ഹിയില്‍ കൊടുമ്പിരി കൊണ്ട സമയത്ത് ആം ആദ്മി പാര്‍ട്ടിയോ അരവിന്ദ് കെജ് രിവാളോ അതിന്റെ ഭാഗമായിരുന്നില്ല. ഒരു അഭിമുഖത്തിലും, പിന്നെ ഒന്നുരണ്ടു ട്വീറ്റുകളിലും മാത്രമാണ് അരവിന്ദ് കേജ്‌രിവാളോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ പൗരത്വ നിയമ ഭേദഗതിയെപ്പറ്റി വാതുറന്ന് എന്തെങ്കിലും രണ്ടക്ഷരം പറഞ്ഞത്.

'ജാതിമതഭേദമെന്യേ എല്ലാ മനുഷ്യരും തുല്യരാണ്. നമ്മള്‍ വാര്‍ത്തെടുക്കേണ്ടത്, നാനാജാതി മതസ്ഥരായ പൗരന്മാര്‍ക്കിടയില്‍ സ്‌നേഹവും സഹോദര്യവുമുണ്ടാകുന്ന, വെറുപ്പോ, ശത്രുതയോ ഒന്നുമില്ലാത്ത ഒരു ആദര്‍ശഭാരതമാണ്' ഇത് ട്വിറ്ററില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ബയോഡാറ്റയില്‍ കുറിച്ചിട്ട വരികളാണ്. അന്ന് കേരളം മുതല്‍ കശ്മീര്‍ വരെ എല്ലായിടത്തും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ടുള്ള പ്രകടനങ്ങളും പ്രചാരണങ്ങളും സജീവമാണ്. ഇക്കൂട്ടത്തില്‍ ഒരു പ്രതിഷേധ വേദിയിലും ഇന്നുവരെ അരവിന്ദ് കേജ്‌രിവാള്‍ എന്ന ആം ആദ്മി പാര്‍ട്ടി നേതാവിനെ കണ്ടിട്ടില്ല.

എന്നാല്‍, അങ്ങനെ പ്രതികരിക്കുകയോ പ്രകടനങ്ങള്‍ നടത്താതിരിക്കുകയോ ചെയ്യുന്ന ആളല്ല അരവിന്ദ് കെജ്‌രിവാള്‍. 2018 ല്‍, മുഖ്യമന്ത്രിയായിരിക്കെ മറ്റംഗങ്ങളോടൊപ്പം ഒന്നിലധികം തവണ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വസതിക്ക് മുന്നില്‍ ധര്‍ണ കിടന്നിട്ടുള്ള ആളുമാണ് കേജ്‌രിവാള്‍. 2014 ല്‍ പോലിസിന്റെ കാര്യം പറഞ്ഞും അദ്ദേഹം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് റെയില്‍ ഭവന്‍ പരിസരത്ത് ധര്‍ണ്ണ നടത്തിയിരുന്നു. തത്വത്തില്‍ ആംആദ്മി പാര്‍ട്ടി പൗരത്വ നിയമ ഭേദഗതിക്ക് എതിരാണ് എങ്കിലും, ഇന്നുവരെ അരവിന്ദ് കേജ്‌രിവാള്‍ ആ സമരങ്ങളുടെ ഏഴയലത്ത് ചെന്നിട്ടില്ല. എന്നുമാത്രമല്ല, ഇത്രയും പ്രക്ഷോഭങ്ങള്‍ നടന്നിട്ടും ആ സമയത്ത് കേജ്‌രിവാള്‍ ജാമിയയിലും ചെന്നില്ല, മുഖംമൂടി ആക്രമണങ്ങള്‍ നടന്ന ജെഎന്‍യുവിലും അദ്ദേഹം പോയില്ല. ജെഎന്‍യുവില്‍ അക്രമം നടന്നപ്പോള്‍ അതിനെ അപലപിച്ചുകൊണ്ട് ഒരു ട്വീറ്റ് മാത്രമാണ് കെജ് രിവാളിന്റെ ഭാഗത്ത് നിന്നുണ്ടായത്. 'യൂനിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ലെങ്കില്‍, നമ്മുടെ രാജ്യം എങ്ങനെ പുരോഗമിക്കും' എന്നായിരുന്നു കേജ്‌രിവാള്‍ ട്വീറ്റില്‍ ചോദിച്ചത്.

സിഎഎ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നയം

ഈ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നയം വ്യക്തമാണ്. ഇത് ഭരണഘടനാ വിരുദ്ധമായ ഒരു നിയമഭേദഗതിയാണ്. അത് അരവിന്ദ് കേജ്‌രിവാള്‍ തന്നെ ഒരു സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ്. ആ എതിര്‍പ്പ് പക്ഷേ, പൗരത്വം അനുവദിക്കുന്നതിനോടുകൂടിയുള്ള എതിര്‍പ്പാണ്. ഭേദഗതിയില്‍ മുസ്‌ലിംകളോടുള്ള വിവേചനമല്ല അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം. ആരും ഇങ്ങോട്ടിനി വരേണ്ട എന്ന ഉത്തരപൂര്‍വ്വ ഇന്ത്യക്കാരുടെ അതേ നയമാണ് ഏറെക്കുറെ കേജ്‌രിവാളിനും. അദ്ദേഹം ചാനലിനോട് പറഞ്ഞത് ഇങ്ങനെയാണ്, 'ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ഈ മൂന്നുരാജ്യങ്ങളിലും കൂടി ന്യൂനപക്ഷക്കാര്‍ ആകെ 3, 4 കോടിയോളം വരും. അവരൊക്കെക്കൂടി കൂടും കുടുക്കയുമെടുത്ത് ഇങ്ങോട്ട് പുറപ്പെട്ടാല്‍ അവര്‍ക്ക് താമസിക്കാന്‍ സ്ഥലം ആര് കൊടുക്കും? അവര്‍ക്കൊക്കെ ജോലി ആര് നല്‍കും? അവരുടെ കുട്ടികള്‍ എവിടെ പഠിക്കും?'

ഈ ഭേദഗതിയെ കേജ്‌രിവാള്‍ എതിര്‍ക്കുന്നത്, ഇപ്പോള്‍ തന്നെ തൊഴിലില്ലായ്മയും, പട്ടിണിയും, പണപ്പെരുപ്പവും കൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന ഇന്ത്യക്ക് ഇനി കുറേ അഭയാര്‍ത്ഥികളെക്കൂടി താങ്ങാനുള്ള ശേഷിയില്ല എന്ന അഭിപ്രായത്തിന്റെ പുറത്താണ്.

കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കാരിന്റെ 2011 ലെ സെന്‍സസ് ഡാറ്റ പ്രകാരം ഡല്‍ഹിയില്‍ 82 ശതമാനം ജനങ്ങളും ഹിന്ദു മതത്തില്‍ ജനിച്ചവരാണ്. ഏതാണ്ട് 12 ശതമാനത്തോളം മാത്രമാണ് മുസ്‌ലിംകള്‍ ഉള്ളത്. ഷാഹീന്‍ബാഗില്‍ സമരം നടത്തിയവരില്‍ അധികവും മുസ് ലിംകളാണ്. 12 ശതമാനം വരുന്ന മുസ്‌ലിം വോട്ടുബാങ്കിനെ പിണക്കാതിരിക്കാന്‍ അദ്ദേഹം ആശ്രയിക്കുന്നത് ആം ആദ്മി പാര്‍ട്ടി എംഎല്‍എ ആയ അമാനത്തുള്ളാ ഖാനെയാണ്. ഈ വിഷയത്തില്‍ തുറന്ന് ഒരു നയമെടുത്താല്‍ അത് ദില്ലിയിലെ തന്റെ വോട്ടുകളുടെ ധ്രുവീകരണത്തിന് കാരണമാകും എന്നദ്ദേഹം കരുതുന്നുണ്ടാകും. ഇക്കാര്യത്തില്‍ മുസ് ലിംകളെ പിന്തുണക്കുന്ന ഒരു നിലപാടെടുത്തു എന്നതിന്റെ പേരില്‍, 80 ശതമാനം വരുന്ന ഹിന്ദു വോട്ട് ബാങ്കിനെ പിണക്കേണ്ടതില്ല എന്നാകും അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും നിലപാട്.

പ്രശ്‌നം ലളിതമാണ്. പൗരത്വ നിയമ ഭേദഗതി വിഷയം ഒരു കീറാമുട്ടിയാണ്. ബിജെപിയെ പിന്തുണച്ചുകൊണ്ട് അഭിപ്രായം പറഞ്ഞാല്‍ ഡല്‍ഹിയിലെ മുസ്‌ലിം വോട്ടുകള്‍ നഷ്ടപ്പെടും. ഭേദഗതി വിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുത്താല്‍ ബിജെപി പ്രചരിപ്പിക്കുന്ന, 'സിഎഎയെ എതിര്‍ക്കുന്നവര്‍ ആന്റി നാഷണല്‍ ആണ്' എന്ന പ്രചാരണത്തിന് ഇരയാകേണ്ടി വരും പാര്‍ട്ടിക്ക്. അത് ദില്ലിയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കും.

Tags:    

Similar News