ബിജെപി ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തി: എസ്ഡിപിഐ
രാജ്യത്തിന്റെ തെരുവോരങ്ങളില്‍ നടക്കുന്ന തല്ലിക്കൊലകളേയും ആള്‍കൂട്ടക്കൊലപാതകങ്ങളെയും അനുകൂലിക്കുന്നവരായി ഭരണകര്‍ത്താക്കള്‍ മാറിയെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വ്യക്തമാക്കി
അടൂര്‍: ലോകോത്തര രാജ്യമായ ഇന്ത്യ ഇന്ന് ലോകത്തിന് മുന്നില്‍ നാണം കെട്ടുനില്‍ക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു. എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ സംഘടിപ്പിച്ച ഏകദിന പഠന ക്യാംപ് (ബിഎല്‍ടി - 2019) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ തെരുവോരങ്ങളില്‍ നടക്കുന്ന തല്ലിക്കൊലകളേയും ആള്‍കൂട്ടക്കൊലപാതകങ്ങളെയും അനുകൂലിക്കുന്നവരായി ഭരണകര്‍ത്താക്കള്‍ മാറി. വ്യത്യസ്ത വര്‍ണങ്ങളുള്ള പൂക്കളോടുകൂടിയ ഉദ്യാനമാണ് ഭാരതം. ഇത്തരം ബഹുസ്വര വൈവിധ്യങ്ങളെ തകര്‍ത്തെറിഞ്ഞ് ഏകശിലാരൂപിയായ കാടന്‍ അജണ്ട അടിച്ചേല്‍പ്പിക്കാനാണ് നീക്കം. ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു മതം എന്നതാവും ഭാവിയില്‍ വരാന്‍ പോവുക.
രാജ്യം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും നേതാക്കള്‍ വിടുവായത്തം വിളമ്പുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം വിഡ്ഢിത്തം പുലമ്പുന്നു. വിത്തെടുത്ത് കുത്തുക എന്നതുപോലെ ആര്‍ബിഐയുടെ കരുതല്‍ ധനമായ 1.76 ലക്ഷം കോടി രൂപയും കേന്ദ്രം എടുത്തിരിക്കുന്നു. ഹിന്ദുത്വ സഹയാത്രികരായ കോര്‍പറേറ്റുകളെ സഹായിക്കാനായി കോടിക്കണക്കിന് രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളി. നികുതികള്‍ പോലും ഒഴിവാക്കി കൊടുത്തു.
സ്പര്‍ധ, ഹിംസ, വിദ്വേഷം എന്നിവയില്‍ വിശ്വസിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന വിഭാഗം രാജ്യം ഭരിക്കുന്നു. 15 ലക്ഷം തൊഴില്‍ നഷ്ടമായി. അനേകം ചെറുകിട തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. ഒട്ടനവധി ഫാക്ടറികള്‍ അടച്ചുപൂട്ടി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പിന്നിലേക്ക് പോയി. കര്‍ഷക വിരുദ്ധമായ നയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നു. കാര്‍ വിപണനത്തില്‍ 23.3% കുറവുണ്ടായി. ഇരുചക്ര വിപണനത്തില്‍ 11.7% കുറവാണ് നേരിട്ടത്.
50,000 തൊഴിലാളികളെ പിരിച്ചുവിടേണ്ട അവസ്ഥയിലാണ് ബിഎസ്എന്‍എല്‍. 15,000 കോടിയുടെ നഷ്ടം നേരിടുന്ന തപാല്‍ വകുപ്പ് പൂട്ടലിന്റെ വക്കിലാണ്. വിദേശ നിക്ഷേപങ്ങള്‍ വന്‍തോതില്‍ കുറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ വൈകല്യങ്ങളില്‍ പ്രതിഷേധിച്ച് ഐ.എ.എസ് ഓഫീസര്‍മാര്‍ പോലും രാജി വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു.
വിവിധ സെക്ഷനുകളില്‍ നടന്ന ക്ലാസ്സുകളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉസ്മാന്‍ പെരുമ്പിലാവ്, പ്രത്യാശ സംസ്ഥാന സെക്രട്ടറി നിസാമുദീന്‍ തച്ചോണം, എസ്.ഡി.റ്റി.യു കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി, എസ്.ഡി.പി.ഐ കൊല്ലം ജില്ല സെക്രട്ടറി ഷമീര്‍ ഭരണിക്കാവ്, പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി താജുദീന്‍ നിരണം സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അസ് ലം തിരുവല്ല, ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ്, ജില്ലാ ട്രഷറര്‍ റിയാഷ് കുമ്മണ്ണൂര്‍, ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ് ആലപ്ര നേതൃത്വം നല്‍കി.

