എനിക്കെതിരേ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി, താടി വടിച്ചുകളയുമെന്നും ഭീഷണിപ്പെടുത്തി: മാധ്യമപ്രവര്‍ത്തകന്‍ ഒമര്‍ റാഷിദ്

പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കശ്മീരികള്‍ എത്തിയോ എന്ന് അവര്‍ ചോദിച്ചു. എന്നാല്‍ ഞാന്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ മിണ്ടിപ്പോവരുതെന്നാണ് അവര്‍ ഉത്തരവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

Update: 2019-12-21 11:07 GMT

ലഖ്‌നോ: ലഖ്‌നോവില്‍ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന് ആരോപിച്ചായിരുന്നു പോലിസ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഒമര്‍ റാഷിദ്. ഹിന്ദു ദിനപത്രത്തിന്റെ ഉത്തര്‍പ്രദേശ് ലേഖകനായ ഒമറിനെ രണ്ട് മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചതിനുശേഷമാണ് ലഖ്‌നോ പോലിസ് വിട്ടയച്ചത്. ഇന്ന് രാവിലെയാണ് ഒമര്‍ റാഷിദിനെ പൊലിസ് കസ്റ്റയിലെടുത്തത്.

സുഹൃത്തിനൊപ്പം പ്രദേശത്തെ ഒരു ഹോട്ടലില്‍ ഇരിക്കുകയായിരുന്നു ഞാന്‍. ഹോട്ടലിലെ ഒരാളുടെ വൈഫൈ ഉപയോഗിച്ച്‌ വാര്‍ത്ത അയക്കാനുള്ള തിരക്കിലായിരുന്നു. പെട്ടന്നാണ് നാലോ അഞ്ചോ പോലിസുകാര്‍ ഹോട്ടലിലേക്കെത്തിയത്. അവര്‍ ആരും യൂനിഫോമിലായിരുന്നില്ല. വന്ന ഉടനെ അവര്‍ എന്റെ സുഹൃത്തിനെ ചോദ്യം ചെയ്യാനാരംഭിച്ചു. ആരാണ് എന്താണ് എന്നൊക്ക പറയാന്‍ എന്നോടും ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും അവര്‍ ഞങ്ങളോട് അടുത്തുള്ള ഒരു ജീപ്പിലേക്ക് കയറാന്‍ ആവശ്യപ്പെട്ടതെന്ന് ഒമർ പറയുന്നു.

സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു മുറിയില്‍ അവര്‍ ഞങ്ങളെ ബന്ദിയാക്കി. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ എന്റെ പക്കലുണ്ടായിരുന്ന എല്ലാ സാധാനങ്ങളും അവര്‍ പിടിച്ചുവാങ്ങി. സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ചു. അക്രമം നടത്താന്‍ ഗൂഢാലോചന നടത്തിയതിന് പിന്നില്‍ ഞാനും എന്റെ സുഹൃത്തുമാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കശ്മീരികള്‍ എത്തിയോ എന്ന് അവര്‍ ചോദിച്ചു. എന്നാല്‍ ഞാന്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ മിണ്ടിപ്പോവരുതെന്നാണ് അവര്‍ ഉത്തരവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

നിന്റെ മാധ്യമപ്രവര്‍ത്തനം മറ്റെവിടെയെങ്കിലും വച്ചോളൂ, അത് ഞങ്ങളെ ബാധിക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. എനിക്കെതിരേ തെളിവുണ്ടെന്നും അവര്‍ ആവര്‍ത്തിച്ചു. വീണ്ടും ജീപ്പില്‍ കയറ്റി ഒരു ഔട്ട്‌ പോസ്റ്റിലെത്തിച്ചു. ഒരു പോലിസ് ഓഫീസര്‍ എനിക്കെതിരെ നിരവധി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി, എന്റെ താടി വടിച്ചുകളയുമെന്നും ഓഫീസര്‍ ഭീഷണിപ്പെടുത്തിയെന്ന് ഒമര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും യുപി ഡിജിപി ഒപി സിങ്ങിന്റെ ഓഫീസിലേക്കും വിളിച്ചറിയിച്ചത് പ്രകാരമാണ് രണ്ട് മണിക്കൂറിനു ശേഷം ഒമര്‍ റാഷിദിനെ പൊലിസ് വിട്ടയച്ചത്. ഉത്തര്‍പ്രദേശില്‍ ആക്രമണങ്ങള്‍ നടക്കുന്നതിനിടയില്‍ അഭിഭാഷകനായ മൊഹദ് ഷൊയ്ബ്, മുന്‍ ഐപിഎസ് ഓഫീസറും സാമൂഹ്യ പ്രവര്‍ത്തകനുമായ എസ്ആര്‍ ദരപുരി എന്നിവര്‍ അടക്കമുള്ള നിരവധി സാമൂഹ്യ പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

Tags:    

Similar News