പൗരത്വ നിയമഭേദഗതിയെക്കുറിച്ച് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയാറാണെന്ന് അമിത് ഷാ

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന ദലിതർക്കെതിരേ നീങ്ങുന്നതിൽ നിങ്ങൾക്കെന്താണ് നേട്ടം?.

Update: 2020-01-18 14:38 GMT

ബംഗളൂരു: പൗരത്വ നിയമഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സ്ഥലവും തിയതിയും രാഹുലിന് തീരുമാനിക്കാം. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി രാഹുലിന് മറുപടി തരുമെന്ന് അമിത് ഷാ കര്‍ണാടകത്തില്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ ദലിത്‌ വിരുദ്ധരാണ്. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന ദലിതർക്കെതിരേ നീങ്ങുന്നതിൽ നിങ്ങൾക്കെന്താണ് നേട്ടം?.

ജെഎൻയുവിൽ മുഴങ്ങിയത് രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ്. ഇന്ത്യയിൽ എവിടെയും ഈ മുദ്രാവാക്യങ്ങൾ ഉയരാൻ അനുവദിക്കില്ല. പാകിസ്താനിൽ 30% ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോള്‍ 3% ആയി ചുരുങ്ങി. ന്യൂനപക്ഷങ്ങളെ പാകിസ്താൻ കൊന്നൊടുക്കിയതായും അമിത് ഷാ പറ‌ഞ്ഞു.

അതേസമയം അമിത് ഷാക്കെതിരേ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം അരങ്ങേറി. ഗോ ബാക്ക് വിളികളുമായി പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങി. കര്‍ണാടകയിലെ ഹൂബ്ലിയില്‍ വൈകിട്ട് അമിത് ഷാ സന്ദര്‍ശനത്തിന് എത്തുന്നതിനു മുന്‍പ് തന്നെ പ്രതിഷേധക്കാര്‍ എത്തിയിരുന്നു. സ'സിഎഎ, എന്‍ആര്‍സി പിന്‍വലിക്കുക' എന്ന് എഴുതിയ കറുത്ത ബനിയന്‍ ധരിച്ചാണ് പ്രക്ഷോഭകര്‍ രംഗത്തെത്തിയത്. പ്രതിഷേധ സൂചകമായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പോലിസ് ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.  

Tags:    

Similar News