പ്രതിഷേധത്തിനൊടുവില്‍ യുവാവിന് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കരാര്‍ കമ്പനിയില്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ലഭിച്ച അനസ് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴാണ്, സിഎഎ വിരുദ്ധ റാലിയില്‍ പങ്കെടുത്തിരുന്നുവെന്ന് എഴുതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്.

Update: 2020-02-01 02:37 GMT

ആലുവ: പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്തെന്നു ചൂണ്ടിക്കാട്ടി യുവാവിന് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ തിരുത്തല്‍ നടപടിയുമായി പോലിസ്. യുസി കോളജ് കടൂപ്പാടം തൈവേലിക്കകത്ത് ടിഎം അനസിന് ഒടുവില്‍ ആലുവ ഈസ്റ്റ് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇക്കഴിഞ്ഞ 28നാണ് പിസിസി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കരാര്‍ കമ്പനിയില്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ലഭിച്ച അനസ് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴാണ്, സിഎഎ വിരുദ്ധ റാലിയില്‍ പങ്കെടുത്തിരുന്നുവെന്ന് എഴുതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്.

    ഇതുവരെ ഒരു പെറ്റികേസില്‍ പോലും യുവാവ് പ്രതിയായിരുന്നില്ല. അപേക്ഷ നല്‍കിയതിനെ തുടര്‍ന്നുള്ള പരിശോധനാ സമയം, സിഎഎയ്‌ക്കെതിരേ സംയുക്ത മഹല്ല് കമ്മിറ്റി നടത്തിയ ഭരണഘടനാ സംരക്ഷണ ബഹുജന റാലിയില്‍ പങ്കെടുത്ത വിവരം അനസ് പോലിസിനോട് വ്യക്തമാക്കിയിരുന്നു. ഇതോടെ അപേക്ഷയില്‍ പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തിരുന്നുവെന്ന് എസ്‌ഐ രേഖപ്പെടുത്തുകയും പിസിസി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. സംഭവം സാമൂഹികമാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധത്തിനു കാരണമാക്കിയതോടെയാണ് പോലിസ് തിരുത്താന്‍ തയ്യാറായത്. വിവരമറിഞ്ഞ് നിരവധി പേര്‍ സ്റ്റേഷനു പുറത്ത് തടിച്ചുകൂടുകയും വി കെ ഇബ്രാഹീം കുഞ്ഞ് എംഎല്‍എ സ്‌റ്റേഷനിലെത്തി എസ്പിയുമായി സംസാരിക്കുകയും ചെയ്തു. അന്‍വര്‍ സാദത്ത് എംഎല്‍എ സിഐയെ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.



Tags:    

Similar News