ഇന്ത്യയുടെ കശ്മീര്‍ നീക്കം യുദ്ധത്തിലേക്ക് നയിക്കും;യുഎന്‍ രക്ഷാ സമിതിയെ സമീപിക്കുമെന്നും പാകിസ്താന്‍

ഇന്ത്യ കശ്മീരില്‍ വംശീയ ഉന്മൂലനം നടത്തുമെന്ന് ഭയപ്പെടുന്നതായും ഇംറാന്‍ഖാന്‍ വ്യക്തമാക്കി.

Update: 2019-08-06 16:43 GMT

ഇസ്‌ലാമാബാദ്: കശ്മീരിന് സവിശേഷാധികാരം നല്‍കുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ സര്‍ക്കാര്‍ നീക്കം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ഇരു രാജ്യങ്ങളും ആണവ ശക്തികളാണ്. ഇത്തരമൊരു സാഹചരത്തില്‍ ഇന്ത്യയുടെ നടപടി യുദ്ധത്തിലേക്ക് നയിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തില്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ എല്ലാ പൗരന്മാരും തുല്ല്യരല്ല. ഇന്ത്യയിലെ മുസ്‌ലിംകളെ ഹിന്ദു ഭൂരിപക്ഷം ബന്ദികളാക്കുമെന്ന് മുന്‍കൂട്ടി കണ്ട ഖാഇദെ അഅ്‌സം മുഹമ്മദ് അലി ജിന്നയ്ക്ക് താന്‍ ഇപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും ഇംറാന്‍ഖാന്‍ പ്രതികരിച്ചു. ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രമാവുകയാണ്. അവര്‍ മുസ്‌ലിമിനെ തുല്ല്യരായി കണക്കാക്കുന്നില്ല. പുല്‍വാമ ആക്രമണം നടന്ന സമയത്ത് അതിന്റെ പിന്നില്‍ പാകിസ്താനല്ലെന്ന് ബോധ്യപ്പെടുത്താന്‍ ഏറെ ശ്രമം നടത്തി. അവര്‍ തിരഞ്ഞെടുപ്പിന് തങ്ങളെ ബലിയാടാക്കുകയായിരുന്നു. അവര്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതാണെന്നാണെന്നും ഇംറാന്‍ഖാന്‍ പറഞ്ഞു.

കശ്മീര്‍ വിഷയം യുഎന്നില്‍ ഉന്നയിക്കുകയും ബിജെപിയുടെ വംശീയ പ്രത്യയശാസ്ത്രത്തിന് കീഴില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കുമെന്നും ഇംറാന്‍ ഖാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ നീക്കം പുല്‍വാമ പോലുള്ള സംഭവങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇംറാന്‍ഖാന്‍ പറഞ്ഞു. അവര്‍ കശ്മീരില്‍ വംശീയ ഉന്മൂലനം നടത്തുമെന്ന് ഭയപ്പെടുന്നതായും ഇംറാന്‍ഖാന്‍ വ്യക്തമാക്കി.

കശ്മീരിലെ ജനസംഖ്യാശാസ്ത്രം മാറ്റാനാണ് അവരുടെ തീരുമാനം. ബിജെപി സര്‍ക്കാര്‍ ബീഫ് കഴിക്കുന്നതിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്നു. ഇത് അവരുടെ വംശീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. ഈ പ്രത്യയശാസ്ത്രമാണ് 'ഇന്ത്യന്‍ അധിനിവേശ കശ്മീരില്‍' തുടരുന്നതെന്നും ഇംറാന്‍ഖാന്‍ പ്രതികരിച്ചു.

Tags:    

Similar News