പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് നടൻ ജതിൻ ബോറ ബിജെപി വിട്ടു

ജനാധിപത്യത്തിൽ പൗരന്മാരാണ് രാജാക്കന്മാർ. പ്രതിഷേധം ഉയർന്നതിനാൽ സർക്കാർ ബിൽ പിൻവലിക്കുമെന്ന് ഞാൻ കരുതി, പകരം അത് പാസാക്കി.

Update: 2019-12-13 09:37 GMT

ഗുവാഹത്തി: പൗരത്വ നിയമത്തിൽ വരുത്തിയ ഭേദഗതികളിൽ പ്രതിഷേധിച്ച് നടൻ ജതിൻ ബോറ വ്യാഴാഴ്ച ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് രാജിവച്ചതായി പിടിഐ റിപോർട്ട് ചെയ്തു. അസം സ്റ്റേറ്റ് ഫിലിം ഫിനാൻസ് ഡവലപ്മെന്റ് കോർപ്പറേഷന്റെ ചെയർപേഴ്‌സൺ സ്ഥാനത്തുനിന്നും അദ്ദേഹം രാജിവച്ചു.

ഞാൻ പൗരത്വ നിയമ ഭേദഗതി സ്വീകരിക്കുന്നില്ല. ജതിൻ ബോറ എന്ന എന്റെ വ്യക്തിത്വം അസമിലെ ജനങ്ങൾ കാരണമാണ്, ഈ വിഷയത്തിൽ ഞാൻ അവരോടൊപ്പമുണ്ട്. ഗുവാഹത്തിയിലെ ലതാസിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിൽ പൗരന്മാരാണ് രാജാക്കന്മാർ. പ്രതിഷേധം ഉയർന്നതിനാൽ സർക്കാർ ബിൽ പിൻവലിക്കുമെന്ന് ഞാൻ കരുതി, പകരം അത് പാസാക്കി. ഞാൻ പാർട്ടിയിലെ ഒരു അംഗം മാത്രമായിരുന്നു, ബിജെപി പറയുന്നതെല്ലാം ഞാൻ പിന്തുണയ്ക്കുന്നില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഞാൻ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിൽ ബുധനാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ചതിനെത്തുടർന്ന് മറ്റൊരു അസമി നടൻ രവി ശർമയും രാജിവച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ദേശീയ അവാർഡ് നേടിയ ചലച്ചിത്ര നിർമ്മാതാവ് ജഹ്നു ബറുവയും എട്ടാമത്തെ അസം സ്റ്റേറ്റ് ഫിലിം അവാർഡുകളിൽ നിന്നും ഈ വർഷത്തെ ചലച്ചിത്രമേളയിൽ നിന്നും തന്റെ സിനിമ പിൻവലിക്കാനും തീരുമാനിച്ചിരുന്നു. 

Tags:    

Similar News