ജാമിഅ മില്ലിയ്യയില്‍ വെടിയേറ്റത് മൂന്ന് കുട്ടികള്‍ക്ക്; പോലിസിന്റെ വാദങ്ങള്‍ പൊളിയുന്നു

ജാമിഅയിലെ 3 വിദ്യാര്‍ത്ഥികളെ വെടിയുണ്ടയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Update: 2019-12-17 01:41 GMT

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യയില്‍ തങ്ങള്‍ അതിക്രമം നടത്തിയില്ലെന്നും വെടിവച്ചില്ലെന്നുമുള്ള പോലിസിന്റെ അവകാശവാദം കള്ളമെന്ന് ദേശീയ മാധ്യമങ്ങള്‍. ജാമിഅയിലെ 3 വിദ്യാര്‍ത്ഥികളെ വെടിയുണ്ടയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകള്‍ ടിയര്‍ഗ്യാസ് ഷെല്ല് പൊട്ടിയതിനെ തുടര്‍ന്നാണെന്നാണ് പോലിസിന്റെ വാദം. 

സഫ്ദര്‍ജങ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് വെടിയുണ്ടയേറ്റ പരിക്കുകളോടെയാണ് രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും അപകടനില തരണംചെയ്തിട്ടുണ്ട്.

ജാമിഅ വിദ്യാര്‍ത്ഥിയായ അജാസ്(22) ആണ് വെടിയേറ്റവരില്‍ ഒരാള്‍. നെഞ്ചിലാണ് അജാസിന് വെടിയേറ്റത്. അജാസ് പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ഷുഹൈബ് ഖാന്‍(23) ആണ് പരിറ്റ മറ്റൊരു വിദ്യാര്‍ത്ഥി. ഷുഹൈബിന്റെ കാലിനാണ് പരിക്ക്. ടിയര്‍ഗ്യാസ് ഷെല്ലാണ് കാരണമെന്ന് പോലിസ് അവകാശപ്പെടുന്നുണ്ടെങ്കിലും പുറത്തുവന്ന ഫൂട്ടേജുകളില്‍ ടിയര്‍ഗ്യാസ് പൊട്ടിയതിന്റെ സൂചനയില്ല. പെല്ലെറ്റ് ആക്രമണമാണ് നടന്നതെന്ന് കരുതുന്നു. 

മുഹമ്മദ് തമിം ആണ് വെടിയേറ്റ മൂന്നാമത്തെ വിദ്യാര്‍ത്ഥി. തമിമിന്റെ തുടയിലാണ് വെടിയേറ്റിയിരിക്കുന്നത്. ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് തമിമിനെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് ഒരു അന്യവസ്തു നീക്കം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

Tags:    

Similar News