ആംബുലൻസ് ലഭിക്കാത്തതിനാൽ ആറളത്ത് ആദിവാസി യുവതി ചികിത്സ കിട്ടാതെ മരിച്ചു

സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള 100 ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത് കഴിഞ്ഞ ദിവസമാണ്. ആദിവാസി പുനരധിവാസ മിഷൻറെ ഒരു ആംബുലൻസ് ആറളം ഫാമിൽ ഉണ്ടെങ്കിലും മാസങ്ങളായി കട്ടപ്പുറത്താണ്.

Update: 2019-10-26 06:45 GMT

കണ്ണൂർ: ആംബുലൻസ് ലഭിക്കാത്തതിനാൽ ആറളത്ത് ആദിവാസി യുവതി ചികിത്സ കിട്ടാതെ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിൽ കുഴഞ്ഞുവീണ ആതിരയെ വൈകുന്നേരം അഞ്ച് മണിക്കാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം 100 ആംബുലൻസ് സർക്കാർ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വാർത്ത.

ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ ബേബി - ഏലത്തി ദമ്പതികളുടെ മകൾ ആതിരയാണ് ഉച്ചയോടെ വീട്ടിൽ കുഴഞ്ഞുവീണത്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ലഭ്യമാക്കാൻ സാധിക്കാത്തതിന്നാൽ ആറളം ഫാമിൽ നിന്നും അഞ്ച് മണിയോടെയാണ് കുഴഞ്ഞ് വീണ ആതിരയെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

താലൂക്ക് ആശുപത്രിയിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കാൻ ജനപ്രതിനിധികളുടെയോ പ്രമോട്ടർമാരുടെയോ ആവശ്യമായ സേവനം ലഭിക്കാതായതോടെ മണിക്കൂറുകളോളം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ മൃതദേഹം കിടത്തേണ്ടി വന്നു. തുടർന്ന് രാത്രി 7.30 ഓടെയാണ് ആറളം പോലിസ് എത്തി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയത്. ഇതിന് മുൻപും സമാനമായ സംഭവം നടന്നിരുന്നതായി ആരോപണം ശക്തമാണ്.


അതേസമയം സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള 100 ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത് കഴിഞ്ഞ ദിവസമാണ്. ആദിവാസി പുനരധിവാസ മിഷൻറെ ഒരു ആംബുലൻസ് ആറളം ഫാമിൽ ഉണ്ടെങ്കിലും മാസങ്ങളായി കട്ടപ്പുറത്താണ്. ടാക്സി വാഹനങ്ങൾ വിളിച്ചാൽ ഫാമിലേക്ക് വരാൻ വിമുഖത കാട്ടാറുണ്ടെന്ന് ഫാമിലെ ആദിവാസികൾ പറയുന്നു. 

Tags:    

Similar News