പഞ്ചാബിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി

ഏഴ് എക്സൈസ് ഉദ്യോ​ഗസ്ഥരേയും ആറ് പോലിസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.

Update: 2020-08-02 01:42 GMT

ചണ്ഡിഗഡ്: പഞ്ചാബിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവത്തെ തുടർന്ന് ഇതുവരെ 25 പേരെ അറസ്റ്റ് ചെയ്തു. പ്രതിപക്ഷം മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് രം​ഗത്തെത്തിയതിന് പിന്നാലെ ഏഴ് എക്സൈസ് ഉദ്യോ​ഗസ്ഥരേയും ആറ് പോലിസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.

വിഷമദ്യം കഴിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം മുതൽ ടാർ താരൻ ജില്ലയിൽ നിന്ന് 63 ഉം അമൃത്സറിൽ നിന്ന് 12 ഉം ഗുരുദാസ്പൂരിലെ ബട്ടാലയിൽ നിന്ന് 11 ഉം മരണങ്ങളാണ് റിപോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം അമൃത്സറിലെ മുച്ചാൽ ഗ്രാമത്തിലാണ് ആദ്യത്തെ മരണങ്ങൾ റിപോർട്ട് ചെയ്യപ്പെട്ടത്. വെള്ളിയാഴ്ച്ച വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 38 പേർ മരണപ്പെട്ടിരുന്നു. ശനിയാഴ്ച 48 മരണങ്ങൾ കൂടി റിപോർട്ട് ചെയ്തതോടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു.

സംസ്ഥാനത്ത് വ്യാപകമായി അനധികൃതമായി മദ്യവിൽപ്പന നടത്തുന്നതിന് മന്ത്രിമാരും എം‌എൽ‌എമാരും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നൽകിയ സംരക്ഷണത്തിന്റെ പ്രത്യക്ഷവും സ്വാഭാവികവുമായ അനന്തരഫലമാണ് വിഷമദ്യ ദുരന്തമെന്ന് ശിരോമണി അകാലിദൾ പ്രസ്താവനയിൽ പറഞ്ഞു.

ഇത് കൃത്യമായ കൊലപാതകങ്ങളാണ്, മന്ത്രിമാരും ഭരണകക്ഷി എം‌എൽ‌എമാരും ഉൾപ്പെടെ എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണം, ഈ ഭയാനകമായ കുറ്റകൃത്യത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉടൻ തന്നെ സ്ഥാനമൊഴിയണമെന്നും ശിരോമണി അകാലിദൾ നേതാവ് സുഖ്‌ബീർ സിങ് ബാദൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉത്തരവിട്ട മജിസ്ട്രേറ്റ് തല അന്വേഷണം റദ്ദാക്കണമെന്നും സംഭവത്തിൽ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Similar News