പൗരത്വ ഭേദഗതി നിയമത്തിന് 79 ദിവസം; 70 മരണം
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി ആഭ്യന്തര വകുപ്പ് കയ്യാളുന്ന ഡല്‍ഹിയിലും മാത്രമാണ് മരണങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. 43 പേരാണ് ഡല്‍ഹിയില്‍ മാത്രം കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ 19 പേരും കര്‍ണാടകയില്‍ രണ്ട് പേരും അസമില്‍ ആറ് പേരും കൊല്ലപ്പെട്ടു.
ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയിട്ട് 79 ദിവസം പിന്നിടുന്നു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിവിധ സംഭവങ്ങളിലായി 70 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. പോലിസ് വെടിവയ്പ്പിലും സംഘപരിവാര്‍ ആക്രമണങ്ങളിലുമാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി ആഭ്യന്തര വകുപ്പ് കയ്യാളുന്ന ഡല്‍ഹിയിലും മാത്രമാണ് മരണങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് ശേഷം 43 പേരാണ് ഡല്‍ഹിയില്‍ മാത്രം കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ 19 പേരും കര്‍ണാടകയില്‍ രണ്ട് പേരും അസമില്‍ ആറ് പേരും കൊല്ലപ്പെട്ടു.
കേരളം, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി ലക്ഷങ്ങള്‍ അണിനിരന്ന പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിട്ടും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രക്ഷോഭങ്ങള്‍ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ച സംസ്ഥാനങ്ങളില്‍ മാത്രമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പാര്‍ലമെന്റ് നിയമം പാസാക്കിയിട്ട് രണ്ട് മാസത്തിലേറെയായിട്ടും, ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) സിഎഎ പ്രവര്‍ത്തനക്ഷമമാക്കുന്ന നടപടികളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
മാനുവല്‍ ഓണ്‍ പാര്‍ലമെന്ററി വര്‍ക്ക് അനുസരിച്ച്, നിയമം പ്രാബല്യത്തില്‍ വന്ന തീയതി മുതല്‍ ആറുമാസം വരേ ചട്ടങ്ങള്‍ക്കും ഉപനിയമങ്ങള്‍ക്കും അന്തിമരൂപം നല്‍കാന്‍ സമയ പരിതിയുണ്ട്. നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ വകുപ്പുകളും ചട്ടങ്ങളും രൂപപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ ബന്ധപ്പെട്ട മന്ത്രാലയം കാരണം വ്യക്തമാക്കണമെന്നും മാനുവല്‍ പറയുന്നു.
അതേസമയം, ഏപ്രില്‍ ഒന്ന് മുതല്‍ സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ തുടങ്ങുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. സെന്‍സസ് സര്‍വേയ്‌ക്കൊപ്പം എന്‍പിആര്‍ വിവര ശേഖരണം ആരംഭിക്കുന്നതില്‍ കേരളം ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പൗരത്വ നിയമം 2003 പ്രകാരം എന്‍ആര്‍സി നടപ്പാക്കുന്നതിന്റെ ആദ്യപടിയാണ് എന്‍പിആര്‍. അതേസമയം, എന്‍പിആര്‍ ഫോറത്തിന് ഇനിയും അന്തിമരൂപം നല്‍കിയിട്ടില്ല. എന്‍പിആറില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സഹകരണം പ്രഖ്യാപിച്ചതോടെ ദേശവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എതിര്‍പ്പ് പ്രകടിപ്പിച്ച സംസ്ഥാന സര്‍ക്കാരുകളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു.
2014 ല്‍ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ദേശവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിനെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി വാദിച്ചു. യുപിയില്‍ ഡിസംബര്‍ 22 നടന്ന റാലിയിലായിരുന്നു മോദിയുടെ വിശദീകരണം. അതേസമയം, ഡിസംബര്‍ ഒമ്പതിന് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. എന്‍ആര്‍സി നടപ്പാക്കുക എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നും ബിജെപിയുടെ പ്രകടന പത്രികയില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു.

