യുപിയില്‍ ഓവുചാല്‍ ശുചീകരണത്തിനിടെ അഞ്ചുപേര്‍ മരിച്ചു

കേന്ദ്രസര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലുള്ള സഫായ് കരംചാരീസ് ദേശീയ കമ്മീഷന്റെ കണക്കുപ്രകാരം കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഓവുചാല്‍ ശുചീകരണത്തിനിടെ 819 പേരാണ് മരണപ്പെട്ടത്

Update: 2019-08-23 04:22 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഓവുചാല്‍ ശുചീകരണത്തിനിടെ അഞ്ചുപേര്‍ മരിച്ചു. രാജ്യത്ത് ശുചീകരണത്തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വര്‍ധിപ്പിക്കുന്ന ഇത് തെളിയിക്കുന്നത്. നന്ദ്ഗ്രാം ഏരിയയില്‍ സര്‍ക്കാര്‍ ഏജന്‍സിക്കു കീഴില്‍ ശുചീകരണ പ്രവൃത്തിയിലേര്‍പ്പെട്ടവരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് യുപി സര്‍ക്കാര്‍ 10 ലക്ഷം വീതം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഓവുചാലില്‍ ആദ്യം ഒരു തൊഴിലാളിയാണ് ഇറങ്ങിയത്. ഇദ്ദേഹം തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മറ്റുള്ളവരെല്ലാം ഇറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. വിവരമറിഞ്ഞ പോലിസ് ജാഗ്രതാനിര്‍ദേശം നല്‍കുകയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഇതാദ്യമായല്ല ഓവുചാല്‍ ശുചീകരണത്തിനിടെ തൊഴിലാളികള്‍ മരണപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയില്‍ രണ്ട് പാര്‍ട്ട് ടൈം ജീവനക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ മാന്‍ഹോള്‍ ശുചീകരണത്തിനിടെ മരണപ്പെട്ടിരുന്നു. ശുചീകരണ കരാര്‍ ഏറ്റെടുത്ത സ്വകാര്യ കമ്പനി തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങളോ ഓക്‌സിജന്‍ മാസ്‌കുകളോ നല്‍കിയിരുന്നില്ല.

    കേന്ദ്രസര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലുള്ള സഫായ് കരംചാരീസ് ദേശീയ കമ്മീഷന്റെ കണക്കുപ്രകാരം കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഓവുചാല്‍ ശുചീകരണത്തിനിടെ 819 പേരാണ് മരണപ്പെട്ടത്. ഈ തൊഴില്‍വര്‍ഷത്തില്‍ മരണപ്പെട്ടത് 30 പേരാണ്. ഉത്തര്‍പ്രദേശില്‍ മാത്രം കാല്‍ നൂറ്റാണ്ടിനിടെ 78 പേര്‍ മരിച്ചു. വ്യാഴാഴ്ചത്തെ സംഭവത്തോടെ യുപിയില്‍ ഈ വര്‍ഷം മരിച്ചത് ഏഴുപേരാണ്.




Tags:    

Similar News