25 പേരെ കെട്ടിയിട്ട് ഗോമാതാ കീ ജയ് വിളിപ്പിച്ചു; മൂന്ന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നൂറോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലിസ് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

Update: 2019-07-08 15:17 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് 25 പേരെ മര്‍ദിച്ച് കയറില്‍കെട്ടി നടത്തിച്ച സംഭവത്തില്‍ പോലിസ് മൂന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. നൂറോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലിസ് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

ഹിന്ദുത്വ സംഘം ഇരകളെ രണ്ടുകിലോ മീറ്റര്‍ അകലെയുള്ള പോലിസ് സ്‌റ്റേഷനിലേക്കു നടത്തിക്കുകയായിരുന്നു. മധ്യപ്രദേശിലെ കാണ്ട്‌വ ജില്ലയിലെ ഖാല്‍വാസ് പ്രദേശത്തെ സന്‍വാലികേഡ ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വടികളേന്തിയ നൂറോളം പേര്‍ ഗോമാതാ കീ ജയ് എന്ന് വിളിച്ച് 25 പേരെ ബലമായി നടത്തിച്ചുകൊണ്ടുപോവുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇടയ്ക്ക് ഇവരെ ഇരുത്തിയശേഷം ഇരുചെവിയും പിടിപ്പിച്ച് ഗോ മാതാ കീ ജയ് എന്ന് വിളിപ്പിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

ഇരകള്‍ക്കും പ്രതികള്‍ക്കുമെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമത്തിനിരയായ 25 പേരില്‍ ഏഴ് പേര്‍ മുസ്ലിംകളാണ്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

പശുക്കളെ അനുവാദം കൂടാതെ കടത്തിയതിന് കേസെടുത്തിട്ടുണ്ട്. അതോടൊപ്പം പശുവിനെ കടത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരേ നിയമവിരുദ്ധമായി പെരുമാറിയവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. അവരില്‍ ചിലര്‍ കര്‍ഷകരാണെന്നും കാണ്ട്വ പോലിസ് സൂപ്രണ്ട് ശിവ് ദയാല്‍ സിങ് പറഞ്ഞു.

ഹിന്ദുത്വര്‍ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്ന പശുക്കളെ ഷെല്‍റ്ററിലേക്ക് മാറ്റിയിട്ടുണ്ട്. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പശുക്കളെ കൊണ്ടുവരാന്‍ ഉപയോഗിച്ച 21 ട്രക്കുകള്‍ പിടിച്ചെടുത്തതായും പോലിസ് അറിയിച്ചു.

ഗോരക്ഷയുടെ മറവിലുള്ള അതിക്രമങ്ങള്‍ തടയാന്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ ഗോസംരക്ഷണ നിയമഭേദഗതി നിര്‍ദേശങ്ങള്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാനിരിക്കെയാണ് സംസ്ഥാനത്ത് പശുവിന്റെ പേരില്‍ അതിക്രമം അരങ്ങേറിയതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞമാസമാണ് 2014ലെ ഗോസംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. 

Tags:    

Similar News