പാകിസ്താനില്‍ 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കി

സോബിന്റെ സെന്‍ട്രല്‍ പള്ളിയിലെ ഖത്തീബും ജംഇയ്യത്തുല്‍ ഉലമായെ ഇസ്‌ലാം നേതാവുമായ മൗലാന അല്ലാഹ് ദാദ് കാക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ക്ഷേത്രം ഹിന്ദു സമൂഹത്തിന് കൈമാറാന്‍ വൈകിയതില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മാപ്പ് പറഞ്ഞു.

Update: 2020-02-08 13:24 GMT

ക്വറ്റ: പാകിസ്താനില്‍ 72 വര്‍ഷമായി സര്‍ക്കാര്‍ അധീനതയില്‍ ആയിരുന്ന 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തു. 30 വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സ്‌കൂളായി ഉപയോഗിച്ചിരുന്ന ക്ഷേത്രമാണ് സോബിലെ ഹിന്ദു സമൂഹത്തിന് വിട്ടുകൊടുത്തത്. ക്ഷേത്രത്തിന് പുറത്ത് നടന്ന ചടങ്ങില്‍ നാല് മുറികളുള്ള ക്ഷേത്ര കെട്ടിടത്തിന്റെ താക്കോല്‍ ഹിന്ദു സമുദായ നേതാക്കള്‍ക്ക് കൈമാറി. സോബിന്റെ സെന്‍ട്രല്‍ പള്ളിയിലെ ഖത്തീബും ജംഇയ്യത്തുല്‍ ഉലമായെ ഇസ്‌ലാം നേതാവുമായ മൗലാന അല്ലാഹ് ദാദ് കാക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ഡെപ്യൂട്ടി കമ്മീഷണര്‍ സലീം തഹ, ഹിന്ദു വിഭാഗത്തിലേയും മറ്റു ന്യൂനപക്ഷ നേതാക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

ക്ഷേത്രത്തിന്റെ വാതിലുകളുടെ താക്കോല്‍ മൗലാന കക്കര്‍ പ്രാദേശിക ഹിന്ദു പഞ്ചായത്ത് ചെയര്‍മാന്‍ സലീം ജാന് കൈമാറി. 'ബലൂചിസ്ഥാനെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് സോബിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുപ്രധാനവും ചരിത്രപരവുമായ ദിവസമാണ്.' ക്ഷേത്ര കെട്ടിടം ഹിന്ദു സമൂഹത്തിന് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മൗലാന കക്കര്‍ പിന്തുണക്കുക മാത്രമല്ല അദ്ദേഹം പങ്കെടുത്തു. ചടങ്ങില്‍ മുഖ്യാതിഥിയായി. ഇത് മതപരമായ ഐക്യത്തിന്റെ മികച്ച ഉദാഹരണമാണ്'. ചടങ്ങില്‍ സംസാരിച്ച ഡെപ്യൂട്ടി കമ്മീഷണര്‍ തഹ പറഞ്ഞു.

ക്ഷേത്രം ഹിന്ദു സമൂഹത്തിന് കൈമാറാന്‍ 70 വര്‍ഷം വൈകിയതില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മാപ്പ് പറഞ്ഞു. ക്ഷേത്ര കെട്ടിടം പഴയ അവസ്ഥയിലേക്ക് പുനസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെട്ടിടത്തിന്റെ പുനസ്ഥാപനത്തിനും നവീകരണത്തിനും ശേഷം ഹിന്ദു സമുദായത്തിന് ആരാധനാലയമായി ഉപയോഗിക്കാന്‍ കഴിയും.

ക്ഷേത്രത്തിന് 200 വര്‍ഷം പഴക്കമുണ്ടെന്നും വിഭജനത്തിന് ശേഷം ഭൂരിപക്ഷം ഹിന്ദുക്കളും സോബില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്തുവെന്നും എന്നാല്‍ അവരില്‍ ഒരു വിഭാഗം നഗരത്തില്‍ തന്നെ താമസിച്ചെന്നും സലീം ജാന്‍ പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷമായി ക്ഷേത്ര കെട്ടിടം സര്‍ക്കാര്‍ സ്‌കൂളായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 600 ഓളം വിദ്യാര്‍ഥികളുള്ള സ്‌കൂളിന് പുതിയ കെട്ടിടം ലഭിച്ചിരിക്കുകയാണ്.

ബലൂചിസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജമാല്‍ ഖാന്‍ മണ്ടോഖേല്‍ അടുത്തിടെ സോബ് സന്ദര്‍ശിച്ചിരുന്നുവെന്നും അക്കാലത്ത് ക്ഷേത്ര കെട്ടിടം അവര്‍ക്ക് തിരികെ നല്‍കണമെന്ന് ഹിന്ദു സമൂഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം ഹിന്ദുക്കള്‍ക്ക് കൈമാറുമെന്ന് ജസ്റ്റിസ് ഖാന്‍ ഹിന്ദു സമൂഹത്തിന് ഉറപ്പ് നല്‍കിയിരുന്നു.

പ്രാദേശിക സിഖ് സമുദായത്തിനും അവരുടെ ഗുരുദ്വാര വളരെക്കാലമായി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അവര്‍ക്ക് മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ സ്ഥലമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുദ്വാര കെട്ടിടത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുകയാണെന്നും സലീം ജാന്‍ പറഞ്ഞു.

Tags:    

Similar News