മോദിക്കെതിരേ 111 കര്‍ഷകര്‍ സ്ഥാനാര്‍ത്ഥികളാകും

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതെന്ന് കര്‍ഷക നേതാവ് പി അയങ്കണ്ണ് അറിയിച്ചു. ദക്ഷിണേന്ത്യയിലെ നദിതടത്തിലെ കര്‍ഷകരുടെ സംഘടനയുടെ അധ്യക്ഷന്‍ കൂടിയാണ് പി അയങ്കണ്ണ്.

Update: 2019-03-23 14:58 GMT

മോദി ഭരണത്തിലെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ വാരണാസിയെ വിറപ്പിക്കാന്‍ എത്തുന്നു. മോദിക്കെതിരേ 111 സ്ഥാനാര്‍ത്ഥികളെ മല്‍സര രംഗത്തിറക്കിയാണ് ശ്രദ്ധേയമായ തുടര്‍ പ്രക്ഷോഭത്തിന് കര്‍ഷകര്‍ തയ്യാറെടുക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള 111 കര്‍ഷകര്‍ മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതെന്ന് കര്‍ഷക നേതാവ് പി അയങ്കണ്ണ് അറിയിച്ചു. ദക്ഷിണേന്ത്യയിലെ നദിതടത്തിലെ കര്‍ഷകരുടെ സംഘടനയുടെ അധ്യക്ഷന്‍ കൂടിയാണ് പി അയങ്കണ്ണ്.

2017 ല്‍ ഡല്‍ഹിയില്‍ മോദി ഭരണത്തിനെതിരേ 100 ദിവസത്തോളം പ്രതിഷേധം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്തെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തയ്യാറായാല്‍ മല്‍സര രംഗത്ത് നിന്ന് പിന്‍മാറുമെന്നും കര്‍ഷകര്‍ അറിയിച്ചു. പ്രതിഷേധത്തിന് രാജ്യത്തെ വിവിധയിടത്തെ കര്‍ഷകരുടേയും കിസാന്‍ സഭയുടേയും പിന്തുണയുണ്ടെന്ന് അയ്യങ്കണ്ണ് പറഞ്ഞു.

തിരുവണ്ണാമലയില്‍ നിന്നും തിരുച്ചിറപള്ളിയില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകര്‍ വാരണാസിയിലേക്ക് എത്തും. കര്‍ഷക നേതാക്കള്‍ക്കായുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്‌തെന്നും അയ്യങ്കണ്ണ് അറിയിച്ചു.

അയ്യങ്കണ്ണിന്റെ നേതൃത്വത്തില്‍ 2018 നവംബറില്‍ കര്‍ഷകര്‍ തലയോട്ടിയുമായി ഡല്‍ഹിയിലേക്ക് യാത്ര നടത്തിയിരുന്നു. കിസാന്‍ സഭയുടെ മാര്‍ച്ചിന്റെ ഭാഗമായാണ് പ്രതിഷേധം നടത്തിയത്. തങ്ങളുടെ സഹപ്രവര്‍ത്തകരായ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത ഇടത്തില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

Tags:    

Similar News