അയാകസ് പ്രഹരം; ചാംപ്യന്‍സ് ലീഗില്‍ നിന്ന് റയല്‍ മാഡ്രിഡ് പുറത്ത്

അയാകസ് യുവനിരയുടെ ആക്രമണത്തില്‍ നിലംപരിശായി ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നിന്ന് നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് പുറത്ത്.

Update: 2019-03-06 03:04 GMT

ബെര്‍ണബാവു: അയാകസ് യുവനിരയുടെ ആക്രമണത്തില്‍ നിലംപരിശായി ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നിന്ന് നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് പുറത്ത്. ഡച്ച് ക്ലബ്ബായ അയാകസ് ഇരുപാദങ്ങളിലുമായി 3-5ന്റെ ജയമാണ് സ്വന്തമാക്കിയത്. 13 തവണ ചാംപ്യന്‍സ് കിരീടം സ്വന്തമാക്കിയ റയല്‍ മാഡ്രിഡിന് ഡച്ച് പ്രതിരോധത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. ആദ്യ പാദത്തില്‍ 2-1ന്റെ ജയം നേടിയ റയല്‍ അയാകസിനെ വിലകുറച്ച് കണ്ടു. എന്നാല്‍ റയലിന്റെ സ്വന്തം തട്ടകത്തില്‍ അവരുടെ വലയിലേക്ക് നാലു തവണയാണ് അയാക്‌സ് ടീം ഗോളടിച്ചത്. സ്വന്തം തട്ടകത്തിലാണ് അയാകസ് ആദ്യ പാദത്തില്‍ തോല്‍വി അറിഞ്ഞത്. എന്നാല്‍ രണ്ടാം പാദത്തില്‍ ഡച്ച് പട തിരിച്ചുവരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മല്‍സരം തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ അയാകസ് സൂപ്പര്‍ താരം ടാഡിച്ചിന്റെ മൂന്നേറ്റത്തിലൂടെ ഹക്കീം സിയെചി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 18ാം മിനിറ്റില്‍ ടാഡിച്ച് വീണ്ടും വലതു വിങില്‍ നിന്ന് പന്തുമായി ഒരു കുതിപ്പ്്. ഇതിന് ശേഷം ടാഡിച്ച് നല്‍കിയ പാസ് നെരസ് ഗോളാക്കി. റയലിന്റെ തോല്‍വി വിളിച്ചോതുന്നതായിരുന്നു ഈ രണ്ടു ഗോളുകളും. രണ്ട് തവണ അസിസ്റ്റന്റായി നിന്ന് ടാഡിച്ചിന്റെ വകയായിരുന്നു ഇത്തവണ ഗോള്‍. 62ാം മിനിറ്റില്‍. സ്‌കോര്‍ 3-0. തുടര്‍ന്ന് നടത്തിയ ഏറെ നീക്കങ്ങള്‍ക്കൊടുവില്‍ റയല്‍ അസന്‍സിയോവിലൂടെ 70ാം മിനിറ്റില്‍ ഒരു ഗോള്‍ നേടി. 72ാം മിനിറ്റില്‍ റയലിന്റെ തോല്‍വിയറിച്ച് ഷോണിന്റെ വക ഒരു ഫ്രീക്കിക്ക്. സ്‌കോര്‍ 4-1.പിന്നീട് ഒരു നീക്കം നടത്താന്‍ റയലിനായി. ഇരുപാദങ്ങളിലുമായി 5-3ന്റെ ആധിപത്യത്തോടെയാണ് അയാകസ് ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്.

Tags:    

Similar News