ഐഎസ്എല്‍: സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് 2. എഫ് സി ഗോവ-2 എന്നതാണ് സ്‌കോര്‍. സെര്‍ജിയോ സിഡോഞ്ച, മെസി ബൗളി എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയപ്പോള്‍, മൊര്‍ട്ടാഡ ഫാള്‍, ലെനി റൊഡ്രീഗസ് എന്നിവരാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. ചുവപ്പ് കാര്‍ഡ് കണ്ട് മൊര്‍ട്ടാഡ ഫാള്‍ പുറത്തായതിനാല്‍ പത്ത് പേരുമായാണ് അവസാന 40 മിനുറ്റ് ഗോവ കളിച്ചത്. ഇഞ്ചുറി ടൈമില്‍ ഗോവയടുടെ ലെനി റൊഡ്രിഗസിന്റെ ഗോളാണ് നിശ്ചിത സമയത്ത് 2-1 ന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിജയമെന്ന സ്വപ്‌നം തട്ടിയകറ്റിയത്

Update: 2019-12-01 17:06 GMT

കൊച്ചി:ഹോംഗ്രൗണ്ടില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ വിജയം തേടി ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് എഫ്‌സി ഗോവ.കാണികള്‍ ആഗ്രഹിച്ച വിജയം ബ്ലാസ്‌റ്റേഴ്‌സിന്റെ കൈയെത്തും ദൂരത്ത് നിന്നാണ് ഗോവ തട്ടിത്തെറിപ്പച്ചത്.കേരളാ ബ്ലാസ്റ്റേഴ്‌സ് 2. എഫ് സി ഗോവ-2 എന്നതാണ് സ്‌കോര്‍. സെര്‍ജിയോ സിഡോഞ്ച, മെസി ബൗളി എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയപ്പോള്‍, മൊര്‍ട്ടാഡ ഫാള്‍, ലെനി റൊഡ്രീഗസ് എന്നിവരാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. ചുവപ്പ് കാര്‍ഡ് കണ്ട് മൊര്‍ട്ടാഡ ഫാള്‍ പുറത്തായതിനാല്‍ പത്ത് പേരുമായാണ് അവസാന 40 മിനുറ്റ് ഗോവ കളിച്ചത്. ഇഞ്ചുറി ടൈമില്‍ ഗോവയടുടെ ലെനി റൊഡ്രിഗസിന്റെ ഗോളാണ് നിശ്ചിത സമയത്ത് 2-1 ന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിജയമെന്ന സ്വപ്‌നം തട്ടിയകറ്റിയത്.മൊഹമ്മദ് റാക്കിപ്, ജെസല്‍ കര്‍നെയ്‌റോ, വ്‌ലാറ്റ്‌കോ ഡ്രൊബറോവ്, രാജു ഗെയിക്ക് വാദ് എന്നിവരെയാണ് എല്‍കോ ഷട്ടോരി ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ അണിനിരത്തിയത്. സ്പാനിഷ് താരം സെര്‍ജിയോ സിഡോഞ്ച, മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, പ്രശാന്ത് കെ, ജീക്‌സണ്‍ സിംഗ് എന്നിവരായിരുന്നു മധ്യനിരയില്‍. മുന്നേറ്റത്തില്‍ നായകന്‍ ബാര്‍ത്തലോമ്യു ഒഗ്‌ബെച്ചിയ്‌ക്കൊപ്പം, മറ്റൊരു വിദേശ താരമായ റാഫേല്‍ മെസിയെയാണ് ഷട്ടോറി മുന്നേറ്റ നിരയില്‍ ഇറക്കിയത്. ടിപി രഹനേഷായിരുന്നു ഇന്നും ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വല കാത്തത്. കഴിഞ്ഞ മല്‍സരത്തില്‍ ആദ്യ ഇലവനിലുണ്ടായിരുന്ന മലയാളി താരം കെ പി രാഹുലിന് ഇന്ന് പരിക്കിനെത്തുടര്‍ന്ന് ടീമില്‍ ഇടം പിടിക്കാനായില്ല.

ഫെറാന്‍ കോറോ, അഹമ്മദ് ജാഹു, സൈമന്‍ ലിന്‍ ഡൂംഗല്‍ എന്നിവരില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സിനെ നേരിടാന്‍ ഗോവ ഇറങ്ങിയത്. മൊഹമ്മദ് നവാസായിരുന്നു ഗോള്‍വല കാത്തത്. സെറിട്ടന്‍ ഫെര്‍ണാണ്ടസ്, മൊര്‍ട്ടാഡ ഫാള്‍, കാര്‍ലോസ് പീന, സേവിയര്‍ ഗാമ എന്നിവര്‍ പ്രതിരോധ കോട്ട കെട്ടിയപ്പോള്‍ ലെനി റൊഡ്രീഗസ്, എഡു ബേഡിയ, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, മന്ദര്‍ റാവു ദേശായി, ജാക്കിചന്ദ് സിംഗ് എന്നിവരാണ് മധ്യനിരയില്‍. മന്‍വീര്‍ സിംഗിനായിരന്നു മുന്നേറ്റത്തിന്റെ ഉത്തരവാദിത്വം.മല്‍സരം തുടങ്ങി രണ്ടാം മിനുറ്റില്‍ തന്നെ കാണികള്‍ കാത്തിരുന്ന നിമിഷം ബ്ലാസ്‌റ്റേഴ്‌സ് സമ്മാനിച്ചു.സിഡോഞ്ചയുടെ മനോഹരമായ ഗോളിലൂടെയായിരുന്നു ബ്ലാസറ്റേഴ്‌സ് മുന്നിലെത്തിയത്.മൈതാനത്തിന്റെ ഇടത് വശത്ത് നിന്ന് ഗോവന്‍ ബോക്‌സ് ലക്ഷ്യമാക്കി എത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ ത്രോ മൊര്‍ട്ടാഡ ഫാളിന്റെ കാലില്‍ത്തട്ടിയെത്തിയത് ബോക്‌സിന് തൊട്ട് വെളിയില്‍ സെര്‍ജിയോ സിഡോഞ്ചയുടെ മുന്നില്‍. തകര്‍പ്പന്‍ ഇടം കാലന്‍ ഷോട്ടിലൂടെ ഗോവന്‍ ഗോള്‍കീപ്പറെ കീഴടക്കി പന്ത് വലയില്‍ പതിച്ചു.(1-0).


ഗോള്‍ നേടിയതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്‌സിന്റെ പിന്നീടുള്ള നീക്കങ്ങള്‍ക്ക് വേഗത കുട്ടി. തുടര്‍ച്ചയായി ബ്ലാസറ്റഴ്‌സ് താരങ്ങള്‍ ഗോവന്‍ പ്രതിരോധ വലയം ഭേദിച്ച് ബോക്‌സിലേക്ക് പന്തുമായി എത്തി.22ാം മിനിറ്റില്‍ ജെസല്‍ കര്‍നെയ്‌റോ എടുത്ത ലോംഗ് റേഞ്ചര്‍ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ഗോവയുടെ പോസ്റ്റിനു സമീപത്തുകൂടി പാഞ്ഞത്. തൊട്ടടുത്ത മിനുറ്റില്‍ മെസി ബൗളിയും ഗോള്‍ നേടാന്‍ ലഭിച്ച അവസരം പാഴാക്കി. 39ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം ലഭിച്ചുവെങ്കിലും പന്ത് വലയിലെത്തിക്കുന്നതില്‍ മെസി പരാജയപ്പെട്ടു.ഇതിനിടയില്‍ ഗോവയും പ്രത്യാക്രമണം ശക്തമാക്കി.41 ാം മിനിറ്റില്‍ ഇതിന് ഫലം കാണുകയും ചെയ്തു. ജാക്കിചന്ദ് നല്‍കിയ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡറിലൂടെ മൊര്‍ട്ടാഡ ഫാളാണ് ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ചത്(1-1).രണ്ടാം പകുതിയില്‍ ഗോവയുടെ മുന്നേറ്റത്തോടെയായിരന്നു തുടക്കം.മന്ദര്‍ റാവു ദേശായ് നല്‍കിയ പന്ത് ഗോളിലേക്ക് തിരിച്ച് വിടാനുള്ള സേവിയര്‍ ഗാമയുടെ ശ്രമം പക്ഷേ വിഫലമായി. അടുത്ത മിനുറ്റില്‍ ഗോവയുടെ മൊര്‍ട്ടാഡ ഫാളിന് ചുവപ്പ് കാര്‍ഡ്. പന്തുമായി മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ബാര്‍ത്തലോമ്യു ഒഗ്‌ബെച്ചിയെ പിന്നില്‍ നിന്ന് ടാക്കിള്‍ ചെയ്ത് വീഴ്ത്തിയതിന്, ഫാള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഗോവ കളത്തില്‍ പത്ത് പേരായി ചുരുങ്ങി.

എതിരാളികള്‍ക്ക് ആള്‍ ബലം കുറഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം ശക്തമാക്കി. ഇതിനു ഫലംവും കണ്ടു. ഇടത് വശത്ത് നിന്ന് പ്രശാന്ത് നല്‍കിയ മനോഹരമായ ക്രോസ് വലയിലെത്തിച്ച് മെസി ബൗളി ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചു. സ്‌കോര്‍ (2-1).ആക്രമണം തുടര്‍ന്ന ബ്ലാസ്‌റ്റേഴ്‌സിനായി വീണ്ടും മെസി ബൗളി ഗോവയുടെ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളഇച്ചു.പത്ത് പേരായി ചുരുങ്ങിയ ഗോവ ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ വിറക്കുന്നതാണ് പിന്നീട് കണ്ടത്. എണ്‍പത്തിയെട്ടാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി മെസി വീണ്ടും ഗോവന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ ആര്‍ത്തിരമ്പിയ സ്‌റ്റേഡിയം ഒരു നിമിഷം നിശബ്ദമായി.എങ്കിലും ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയവുമായി ബ്ലാസ്‌റ്റേഴ്‌സ് മൈതാനം വിടുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ഇഞ്ചുറി ടൈമിന്റെ അവസാന ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നം തല്ലിക്കെടുത്തി ലെനി റൊഡ്രിഗസ് ഗോവയ്ക്് സമനില നേടിക്കൊടുത്തത്. ഈ മാസം അഞ്ചിന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍രം. 

Tags:    

Similar News