ഫലസ്തീനിലേക്കുള്ള ഭക്ഷ്യസഹായം യുഎന്‍ വെട്ടിക്കുറച്ചു

അമേരിക്ക ഫലസ്തീനിലെ അഭയാര്‍ഥി ക്യാംപിലേക്കുള്ള എല്ലാ സഹായവും നിര്‍ത്തിവച്ചിരിക്കുകയാണ്

Update: 2019-01-14 03:47 GMT

രാമല്ല: ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഫലസ്തീനിലേക്കുള്ള ഭക്ഷ്യസഹായം യുഎന്‍ വെട്ടിക്കുറച്ചു. ഇതുകാരണം ചുരുങ്ങിയത് 27000 ഫലസ്തീനികളെയെങ്കിലും ബാധിക്കുമെന്നാണു റിപോര്‍ട്ടുകള്‍. ഫണ്ടില്ലെന്ന കാരണത്താലാണ് ഗസയിലേക്കും വെസ്റ്റ് ബാങ്കിലേക്കുമുള്ള ഭക്ഷ്യസഹായം ജനുവരി ഒന്നുമുതല്‍ വെട്ടിച്ചുരുക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്തതെന്നു വേള്‍ഡ് ഫുഡ് പ്രോഗ്രാം(ഡബ്ല്യുഎഫ്പി) ഫലസ്തീന്‍ മേഖലാ ഓര്‍ഗനൈസിങ് ഡയറക്ടര്‍ സ്റ്റീഫന്‍ കീര്‍ണി പറഞ്ഞു. ഗസയിലെ 110,000 ഉള്‍പ്പെടെ 165000 പേര്‍ക്കാണ് ഭക്ഷ്യസഹായത്തിന്റെ 80 ശതമാനം ലഭിക്കേണ്ടത്. കഴിഞ്ഞ നാലു വര്‍ഷമായി അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഫണ്ടുകളും സംഭാവനകളും വന്‍ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതാണ് ഫലസ്തീനികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്. അമേരിക്ക ഫലസ്തീനിലെ അഭയാര്‍ഥി ക്യാംപിലേക്കുള്ള എല്ലാ സഹായവും നിര്‍ത്തിവച്ചിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫലസ്തീനിലേക്കുള്ള 500 മില്ല്യണ്‍ ഡോളറിന്റെ സഹായമാണ് വെട്ടിക്കുറച്ചത്. 2018ലെ ഡബ്ല്യുഎഫ്പി കണക്ക് പ്രകാരം 250,000 പേര്‍ ഗസയിലും 110,000 പേര്‍ വെസ്റ്റ് ബാങ്കിലുമുണ്ട്. ഡിസംബറില്‍ ഫുഡ് കാര്‍ഡ് പുതുക്കിനല്‍കിയില്ലെന്നാണ് ദക്ഷിണ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിനടുത്തുള്ള യാട്ട വില്ലേജിലെ 52കാരിയായ വീട്ടമ്മ മാഹ അല്‍-നവാജ പറയുന്നത്. 12 അംഗങ്ങളുള്ള കുടുംബത്തിനു ഗ്രോസറി ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ നേരത്തേ കാര്‍ഡ് അനുവദിച്ചിരുന്നു. ഇവരുടെ കുടുംബത്തിനു തൊഴിലില്ല. മകന് ഇസ്രായേലില്‍ പ്രവേശനാനുമതിയില്ല. ഭര്‍ത്താവിന്‌ ഇടയ്ക്കിടെ ജോലിക്കു പോവാന്‍ കഴിയുന്നതിനാലാണു കുറച്ച് പണമുണ്ടാക്കാനാവുന്നതെന്നും അവര്‍ പറഞ്ഞു.

    വെസ്റ്റ് ബാങ്കിലെ തൊഴിലില്ലായ്മ ശരാശരി 18 ശതമാനമാണ്. അതിനാല്‍ തന്നെ ഉയര്‍ന്ന ശമ്പളം ലഭിക്കുമെന്നതിനാല്‍ പല ഫലസ്തീനികളും ഇസ്രായേലിലാണു ജോലിക്കു പോവുന്നത്. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കല്ലാതെ എല്ലാവര്‍ക്കും പ്രവേശനാനുമതി നല്‍കില്ലെന്നതാണു തിരിച്ചടിയാവുന്നത്. ഡബ്ല്യുഎഫ്പി ഡിസംബറില്‍ കൂടുതല്‍ സംഭാവനകള്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂനിയനെയും സ്വിറ്റ്‌സര്‍ലണ്ടിനെയും സമീപിച്ചെങ്കിലും ചെറിയ തുക മാത്രമാണു ലഭിച്ചതെന്നും സ്റ്റീഫന്‍ കീര്‍ണി പറഞ്ഞു. 57 മില്യണ്‍ ഡോളറാണ് ആവശ്യമായി വരുന്നത്. അതിനാല്‍ തന്നെ പുതിയ ആളുകളെ തോടി അപര്യാപ്തതയില്ലാത്ത വിധം പരിഹരിക്കാനാണു തീവ്രശ്രമം നടത്തുന്നത്. ഗസയിലെ രണ്ടു മില്ല്യണ്‍ വീടുകളില്‍ 80 ശതമാനവും അന്താരാഷ്ട്ര സഹായത്തെയാണ് ആശ്രയിക്കുന്നത്. ഒരു ദശകത്തിലേറെയായി ഗസയിലേക്കുള്ള ഇസ്രായേല്‍-ഈജിപ്ത് അതിര്‍ത്തി അടച്ചിരിക്കുകയാണ്. 2008 മുതല്‍ മേഖലയില്‍ ഇസ്രായേല്‍ മൂന്ന് സൈനിക നീക്കങ്ങളാണു നടത്തിയത്.





Tags:    

Similar News