റോഹിന്‍ഗ്യന്‍ വേട്ട: മ്യാന്‍മര്‍ ഭരണകൂടത്തിന് മുട്ടന്‍പണി; 'വംശഹത്യാ' പ്രഖ്യാപനത്തിനൊരുങ്ങി യുഎസ്

യുഎസ് ഹോളോകാസ്റ്റ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ദീര്‍ഘകാലമായി പ്രതീക്ഷിക്കുന്ന 'വംശഹത്യാ' പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Update: 2022-03-21 07:22 GMT

വാഷിങ്ടണ്‍: മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന് മുട്ടന്‍ പണിയുമായി യുഎസ് ഭരണകൂടം. റോഹിന്‍ഗ്യന്‍ മുസ്‌ലിം ജനതയെ മ്യാന്‍മറില്‍ വര്‍ഷങ്ങളായി വേട്ടയാടുന്നത് 'വംശഹത്യ' ആണെന്ന് പ്രഖ്യാപിക്കാന്‍ ജോ ബൈഡന്‍ ഭരണകൂടം ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

യുഎസ് ഹോളോകാസ്റ്റ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ദീര്‍ഘകാലമായി പ്രതീക്ഷിക്കുന്ന 'വംശഹത്യാ' പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2017ല്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ റാഖൈന്‍ സംസ്ഥാനത്ത് റോഹിങ്ക്യന്‍ വംശീയ ന്യൂനപക്ഷത്തിനെതിരായ അടിച്ചമര്‍ത്തല്‍ നടപടി ആരംഭിച്ചതു യുഎസിന്റെ വിവിധ തലത്തിലുള്ള ഉപരോധം നിലനില്‍ക്കുന്നുണ്ടെങ്കിലും പുതിയ നീക്കത്തിലൂടെ മ്യാന്‍മറിന്റെ സൈനിക നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ കൂടുതല്‍ കടുത്ത നടപടിയുണ്ടാവുമെന്ന് സൂചനയില്ല.

എന്നാല്‍, ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇതിനകം തന്നെ വംശഹത്യ ആരോപണം നേരിടുന്ന സര്‍ക്കാരിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് ഇത് ഇടയാക്കും. വംശഹത്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ഗ്രൂപ്പുകളും നിയമനിര്‍മ്മാതാക്കളും ട്രംപിന്റെയും ബൈഡന്റെയും ഭരണകൂടങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു.

'അവസാനം റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമങ്ങള്‍ വംശഹത്യയായി അംഗീകരിക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കത്തെ താന്‍ അഭിനന്ദിക്കുന്നുവെന്ന് ഒറിഗോണിലെ ഡെമോക്രാറ്റിക് സെനറ്റര്‍ ജെഫ് മെര്‍ക്ക്‌ലി പറഞ്ഞു. മ്യാന്‍മറിന്റെ എണ്ണ, വാതക മേഖലകള്‍ ഉള്‍പ്പെടുത്തുന്നതിന് അധിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മ്യാന്‍മറിനുമേല്‍ സമ്മര്‍ദ്ദം തുടരാനും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹോളോകാസ്റ്റ് മ്യൂസിയത്തില്‍ ബ്ലിങ്കെന്‍ മ്യാന്‍മറിനെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുമെന്നും ഒരു പ്രദര്‍ശനം സന്ദര്‍ശിക്കുമെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

യുഎസ് വംശഹത്യ പ്രഖ്യാപനം സ്വാഗതാര്‍ഹവും അഗാധമായ അര്‍ത്ഥവത്തായ നടപടിയുമാണെന്ന് ഹ്യൂമാനിറ്റേറിയന്‍ ഗ്രൂപ്പായ റെഫ്യൂജീസ് ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.

2017ല്‍ ആരംഭിച്ച സൈനിക നടപടിയെ തുടര്‍ന്ന് ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ നിന്ന് 7,00,000 റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. മ്യാന്‍മര്‍ സുരക്ഷാ സേനയ്‌ക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം, ആയിരക്കണക്കിന് വീടുകള്‍ കത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Tags:    

Similar News