ട്രംപിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് നരേന്ദ്രമോദി

പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ തന്നെ മുന്നോട്ടുപോവും. ഇത് അംഗീകരിക്കാത്ത അമേരിക്കന്‍ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Update: 2019-06-01 12:01 GMT

ന്യൂഡല്‍ഹി: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര മുന്‍ഗണന നല്‍കാത്തതിനാല്‍ വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എന്നും ദേശീയ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും രാജ്യത്തെ ജനങ്ങള്‍ മെച്ചപ്പെട്ട ജീവിതനിലവാരത്തിനായി പരിശ്രമിക്കുമെന്നും മോദി പറഞ്ഞു. ഉഭയകക്ഷി വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യ ഭാഗമാവും. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ തന്നെ മുന്നോട്ടുപോവും. ഇത് അംഗീകരിക്കാത്ത അമേരിക്കന്‍ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

    അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര മുന്‍ഗണന ലഭിക്കാത്തതിനാല്‍ വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള മുന്‍ഗണനാ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ജൂണ്‍ അഞ്ചോടെ ഒഴിവാക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം സൂചന നല്‍കിയത്. ഇത് നടപ്പായാല്‍ നികുതിയിളവില്‍ അമേരിക്കയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ അവസരം കുറയും. ഇത് ഇന്ത്യന്‍ കയറ്റുമതിക്ക് വന്‍ തിരിച്ചടിയാവും. 2000ലേറെ ഉല്‍പ്പന്നങ്ങളാണ് നികുതിയിളവിലൂടെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.



Tags:    

Similar News