ഇസ്രായേലിന് 2000 അത്യാധുനിക ബോംബുകളടക്കം കൂടുതല്‍ ആയുധങ്ങള്‍ നല്‍കി അമേരിക്ക

Update: 2024-03-30 06:08 GMT

വാഷിങ്ടണ്‍: ഗസയിലെ റഫയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ സൈനിക ആക്രമണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുമ്പോഴും ബില്യണ്‍ കണക്കിന് ഡോളര്‍ വിലമതിക്കുന്ന കൂടുതല്‍ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാന്‍ അമേരിക്ക അനുമതി നല്‍കിയതായി റിപോര്‍ട്ട്. 1,800 MK84 2,000 പൗണ്ട് ബോംബുകളും 500 MK82 500 പൗണ്ട് ബോംബുകളും 25 F-35 ഉം ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് അമേരിക്ക ഇസ്രായേലിന് നല്‍കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപോര്‍ട്ടില്‍ പറയുന്നു. ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന മാരകമായ ആക്രമണത്തിന്റെ പേരില്‍ അന്താരാഷ്ട്ര വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പാക്കേജ്.

2008ലെ പാക്കേജിന്റെ ഭാഗമായാണ് ആയുധങ്ങള്‍ കൈമാറുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. ഇസ്രായേലിന് 3.8 ബില്യണ്‍ ഡോളര്‍ വാര്‍ഷിക സൈനിക സഹായമാണ് യുഎസ് നല്‍കുന്നത്. അതേസമയം, നിലവിലെ ആയുധ കൈമാറ്റത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടണിലെ ഇസ്രായേല്‍ എംബസിയും വിഷയത്തില്‍ പ്രതികരിച്ചില്ല. 

ഫലസ്തീന്‍ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗസയില്‍ ഇതുവരെ 32,000ത്തിലധികം ആളുകള്‍ മരിച്ചു. ഏറെയും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.ഗസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് മാര്‍ച്ച് 25 ന് യുഎസ് വിട്ടുനിന്നിരുന്നു. പ്രമേയത്തെ എതിര്‍ക്കാത്തതിന്റെ പേരില്‍ ഇസ്രായേല്‍ അമേരിക്കക്കെതിരെ രംഗത്തെത്തി. അമേരിക്ക യുഎന്നിലെ തങ്ങളുടെ നയം ഉപേക്ഷിച്ചുവെന്ന ഇസ്രായേല്‍ കുറ്റപ്പെടുത്തി. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ ഇസ്രായേലിനുള്ള യുഎസ് സൈനിക സഹായം വെട്ടിക്കുറയ്ക്കണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News