സരബ്ജിത്ത് സിങ് വധം: മുഖ്യപ്രതികളെ പാക് കോടതി വെറുതെവിട്ടു

സരബ്ജിത്തിന് ജയിലില്‍ ക്രൂരമര്‍ദ്ദനമേറ്റതായി പാക്കിസ്താനിലെ പ്രമുഖപത്രമായ ഡോണ്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

Update: 2018-12-16 08:00 GMT

ലാഹോര്‍: പാക്കിസ്താന്‍ ജലിയില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ് ഇന്ത്യക്കാരനായ സരബ്ജിത്ത് സിങ് കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികളെ പാക് കോടതി വെറുതെവിട്ടു. അമീര്‍ തണ്ട്ബ, മുദസ്സിര്‍ മുനീര്‍ എന്നിവരെയാണ് തെളിവില്ലെന്നു കണ്ട് ലാഹോര്‍ കോടതി വെറുതെവിട്ടത്. സരബ്ജിത്തിന് ജയിലില്‍ ക്രൂരമര്‍ദ്ദനമേറ്റതായി പാക്കിസ്താനിലെ പ്രമുഖപത്രമായ ഡോണ്‍ റിപോര്‍ട്ട് ചെയ്തിരുന്നു. കേസിലെ സാക്ഷികള്‍ കോടതിയില്‍ കൂറുമാറിയതോടെയാണ് കുറ്റം തെളിയിക്കാനാവാതെ ഇരുവരെയും വെറുതെവിട്ടത്.

ഇന്ത്യയുടെ ചാരസംഘടനയായ റോ(റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്)യ്ക്കു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സരബ്ജിത് സിങ് 1990ല്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലേക്ക് കടന്നപ്പോള്‍ സൈന്യത്തിന്റെ പിടിയിലാവുകയായിരുന്നു. പാകിസ്താന്‍ മന്‍ജിത് സിങ് എന്ന് വിശേഷിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് 1990ല്‍ ലാഹോറിലും ഫൈസലാബാദിലും നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്നാണ് പാകിസ്താന്റെ ആരോപണം.

തുടര്‍ന്ന് വധശിക്ഷ വിധിക്കപ്പെട്ട് കോട് ലോക്പഥ് ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് മര്‍ദ്ദനമേറ്റത്.

1991 മുതല്‍ 2013 വരെ ജയിലിലായിരുന്ന ഇദ്ദേഹത്തിന്റെ മോചനത്തിനായി ഭാര്യ സുഖ്പ്രീത് കൗര്‍, മക്കളായ സ്വപ്നദീപ് കൗര്‍, പൂനം കൗര്‍, സഹോദരി ദല്‍ബീര്‍ കൗര്‍ എന്നിവര്‍ നിരവധി തവണ ഇടപെട്ടിരുന്നു. മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ പാകിസ്താനുമായുള്ള ചര്‍ച്ചകളില്‍ ഈ വിഷയം ഉള്‍ക്കൊള്ളിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു. ഒരുകാലത്ത് ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര ബന്ധത്തെ വരെ ഇത് ബാധിച്ചിരുന്നു. 2013 ഏപ്രില്‍ 26ന് വൈകീട്ട് 4:30ന് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തിന് വിധേയനായ സരബ്ജിത് സിങ് 2013 മേയ് 2ന് പുലര്‍ച്ചെ 1:30ന് ലാഹോറിലെ ജിന്ന ആശുപത്രിയിലാണ് മരണപ്പെട്ടത്.

മൃതദേഹം ഇന്ത്യയിലെത്തിച്ച് ജന്മനാട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചിരുന്നത്. 

Tags:    

Similar News