കെനിയയിൽ പ്രളയത്തിൽ അണക്കെട്ട് തകർന്ന് 50 മരണം; 50ഓളം പേരെ കാണാതായി

Update: 2024-04-30 06:44 GMT

നയ്‌റോബി: മാര്‍ച്ച് പാതിമുതല്‍ കനത്തമഴ പെയ്യുന്ന കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് 50 ഓളംപേര്‍ മരിച്ചു. പടിഞ്ഞാറന്‍ കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി മേഖലയിലെ ഓള്‍ഡ് കിജാബെ അണക്കെട്ടാണ് തിങ്കളാഴ്ച പുലര്‍ച്ചെ തകര്‍ന്നത്. വെള്ളപ്പാച്ചിലില്‍ വീടുകള്‍ തകര്‍ന്നു. പ്രധാന റോഡുമായുള്ള ബന്ധം മുറിഞ്ഞു.

ഒരുമാസത്തിലേറെയായി പെയ്യുന്ന മഴയിലും പ്രളയത്തിലും ഇതുവരെ 120ല്‍ അധികം പേര്‍ മരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ കനത്തമഴയില്‍ കെനിയയിലെ പ്രധാന വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. വിമാനങ്ങള്‍ പലതും വഴിതിരിച്ചുവിട്ടു. സ്‌കൂള്‍ തുറക്കല്‍ മാറ്റിവെച്ചു. രണ്ടുലക്ഷത്തിലധികംപേരെ പ്രളയം ബാധിച്ചു.

കനത്ത മഴ പെയ്യുന്നതിനാല്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പലതും പ്രളയത്തിന്റെ പിടിയിലാണ്. ടാന്‍സാനിയയില്‍ 155 പേര്‍ മരിച്ചു. ബുറണ്‍ഡിയില്‍ രണ്ടുലക്ഷത്തിലധികംപേരെ പ്രളയം ബാധിച്ചു.പ്രളയത്തില്‍ 109 പേര്‍ ചികിത്സയിലും 50 പേരെ കാണാതെ പോയിട്ടുമുണ്ട്. എല്‍ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസമാണ് കിഴക്കന്‍ ആഫ്രിക്കയിലെ കനത്ത മഴക്ക് കാരണമായതെന്ന് റിപോട്ടുകളുണ്ട്.

പ്രളയം നെയ്‌റോബി വാസികള്‍ക്ക് പരിചിതമാണങ്കിലും നെയ്‌റോബി നഗരാസൂത്രണത്തിലെ പിഴവുകളാണ് പ്രളയെക്കെടുതിക്ക് കാരണമെന്നാണ് റിപോര്‍ട്ടുകള്‍. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരു ലക്ഷത്തില്‍നിന്ന് 40.5 ലക്ഷത്തിലേക്ക് ജനസംഖ്യ ഉയര്‍ന്നു. എന്നാല്‍ ജനസംഖ്യയ്ക്ക് ആനുപാതികമായ അടിസ്ഥാന സൗകര്യങ്ങള്‍ നെയ്‌റോബിയില്‍ ഉണ്ടായിട്ടില്ല. ജനസംഖ്യയുടെ പകുതിയില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് കൃത്യമായ മലിനജന സംവിധാനമുള്ളത്. മഴ പെയ്യുമ്പോള്‍ തുറന്ന് കിടക്കുന്ന മലിനജല സംവിധാനങ്ങള്‍ കവിഞ്ഞൊഴുകുന്നു. നദികളുടെ ഒഴിക്കിനെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള കെട്ടിട നിര്‍മാണവും കാരണമായി ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News