ഡല്‍ഹിയില്‍ കൊവിഡ് മരണങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ മൂന്നംഗ കമ്മിറ്റി

Update: 2020-04-22 05:29 GMT

ന്യൂഡല്‍ഹി: കൊവിഡ്-19 മൂലം സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ മരണപ്പെടുന്നവരുടെ വിവരങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ വേണ്ടി മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന കമ്മിറ്റിക്ക് ഡല്‍ഹി സര്‍ക്കാര്‍ രൂപം കൊടുത്തു. കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളും ഡോക്ടര്‍മാരാണ്. കൊവിഡ് മരണങ്ങളുടെ എണ്ണം പുറത്തുവിടും മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് കമ്മിറ്റിയുടെ ചുമതല. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ എല്ലാ കൊവിഡ് മരണങ്ങളും കമ്മിറ്റി പരിശോധിക്കും.

''ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ ഒരു മരണ ഓഡിറ്റ് കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. ഡോ. അശോക് കുമാര്‍(മുന്‍ ഡല്‍ഹി ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസ്), ഡോ. വികാസ് ഡോഗ്ര (രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി), ഡോ. ആര്‍ എന്‍ ദാസ്(എംഎസ് നഴ്‌സിങ് ഹോം)എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍''- ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് ദിനംപ്രതി ഉണ്ടാകുന്ന മരണങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തി സര്‍ക്കാരിനെ അറിയിക്കുകയാണ് കമ്മിറ്റിയുടെ ഉദ്ദേശ്യം. സംസ്ഥാനത്ത് ഓരോ ദിവസവും നടക്കുന്ന കൊവിഡ് മരണങ്ങളുടെ വിവരങ്ങള്‍ കമ്മിറ്റിയെ അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാന മെഡിക്കല്‍ ഓഫിസറായ ഡോ. മൊണാലിസ ബോറയ്ക്കാണ് കമ്മിറ്റിക്ക് വിവരങ്ങള്‍ കൈമാറുന്നതിനുള്ള ചുമതല.

തമിഴ്‌നാടും ഇത്തരം കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ജില്ലാ തലത്തിലും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മരണത്തിനു പിന്നിലെ മെഡിക്കലും അല്ലാത്തതുമായ കാരണങ്ങള്‍ കമ്മിറ്റി വിശകലനം ചെയ്യും. ചികില്‍സാ രംഗത്തെ പിഴവുകള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ഇത്തരം കമ്മിറ്റികളുടെ ഉദ്ദേശ്യം.

ഡല്‍ഹിയില്‍ ഇതുവരെ 2,156 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 611 പേര്‍ രോഗം ഭേദമായി മടങ്ങിയെങ്കില്‍ 47 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.




Similar News