വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു; കുത്തകകളുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ നിയമനിര്‍മാണം നടത്തണം

നിവേദിത പിഹരന്‍ കമ്മീഷന്‍, ജസ്റ്റിസ് മനോഹരന്‍ റിപോര്‍ട്ട്, രാജമാണിക്യം റിപോര്‍ട്ട്, വിജിലന്‍സ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിലെ കണ്ടെത്തലുകള്‍ എന്നിവയിലെല്ലാം ഹാരിസണ്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ ശക്തമായ തെളിവുകളും കണ്ടെത്തലുകളും ഉണ്ടായിട്ടും അതൊക്കെ അവഗണിച്ച് കുത്തകകളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമ വകുപ്പ് സെക്രട്ടറിയും റവന്യു വകുപ്പ് സെക്രട്ടറിയും നടത്തുന്ന നീക്കങ്ങള്‍ സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയാണെന്നതില്‍ സംശയമില്ല.

Update: 2019-01-27 05:32 GMT

തിരുവനന്തപുരം: നിയമവിരുദ്ധമായി ഹാരിസണ്‍ കൈയടക്കി വച്ചിട്ടുള്ളതും നിയമവിരുദ്ധമായി തന്നെ അവര്‍ വില്‍പന നടത്തിയതുമായ ഭൂമിയില്‍ നിന്നും കരം പിരിക്കാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമമന്ത്രി എ കെ ബാലന്‍, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് കത്തയച്ചു. ഹാരിസണ്‍ ഉള്‍പ്പടെയുള്ളവര്‍ കയ്യടക്കി വച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കൃത്രിമ രേഖകളുടെ ബലത്തില്‍ ഹാരിസണ്‍ സര്‍ക്കാര്‍ഭൂമി വില്‍പന നടത്തി സര്‍ക്കാരിന് വന്‍ നഷ്ടം വരുത്തിയെന്ന ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത എഫ്‌ഐആര്‍ സുപ്രീംകോടതി അംഗീകരിച്ചതാണ്. ഈ കേസുകളുടെ തുടര്‍നടപടികള്‍ മുന്നോട്ടുപോവുമ്പോഴാണ് കേസിലുള്‍പ്പെട്ട ക്രിമിനല്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന രീതിയില്‍ ഇപ്പോഴത്തെ നീക്കങ്ങളെന്നത് അതീവ ഗുരുതരമാണ്. ഹാരിസണിന് എതിരായ കേസില്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മനപ്പൂര്‍വം തോറ്റുകൊടുത്ത സര്‍ക്കാര്‍ ഇപ്പോള്‍ ഈ നീക്കവുമായി വന്നിട്ടുള്ളത് ഇല്ലാത്ത ഉടമസ്ഥാവകാശം സ്ഥാപിച്ചുനല്‍കാനാണ്. ഇത്തരം നടപടികള്‍ ഹാരിസണ്‍, ടാറ്റ, എവിടി, ടിആര്‍ ആന്റ് ടി തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം സര്‍ക്കാരിന്റെ താല്‍പര്യങ്ങളെയും അവകാശങ്ങളെയും ഹനിക്കുമെന്നും സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

നിവേദിത പിഹരന്‍ കമ്മീഷന്‍, ജസ്റ്റിസ് മനോഹരന്‍ റിപോര്‍ട്ട്, രാജമാണിക്യം റിപോര്‍ട്ട്, വിജിലന്‍സ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിലെ കണ്ടെത്തലുകള്‍ എന്നിവയിലെല്ലാം ഹാരിസണ്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ ശക്തമായ തെളിവുകളും കണ്ടെത്തലുകളും ഉണ്ടായിട്ടും അതൊക്കെ അവഗണിച്ച് കുത്തകകളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമ വകുപ്പ് സെക്രട്ടറിയും റവന്യു വകുപ്പ് സെക്രട്ടറിയും നടത്തുന്ന നീക്കങ്ങള്‍ സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയാണെന്നതില്‍ സംശയമില്ല. കോടതി വിധികള്‍ക്കെതിരെ ആവശ്യമായ തുടര്‍നിയമനടപടികള്‍ യഥാസമയം സ്വീകരിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളത്. അടിയന്തരമായി ഇതെല്ലാം പരിഹരിച്ച് മുന്നോട്ട് പോവണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

Tags: