ബാലഭാസ്‌കറിന്റേത് അപകട മരണം, സ്വര്‍ണ കടത്തുമായി ബന്ധമില്ല: പ്രകാശ് തമ്പി

ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. ആവശ്യമില്ലാതെ കഥകള്‍ ഉണ്ടാക്കുകയാണ്. ബാലഭാസ്‌കറിന്റേത് അപകടമരണമാണ്. ഇതില്‍ യാതൊരു വിധ ദുരൂഹതയില്ലെന്നും പ്രകാശ് തമ്പി പറഞ്ഞു

Update: 2019-06-12 07:22 GMT

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണകടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് സ്വര്‍ണകടത്തു കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പ്രകാശ് തമ്പി.ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴയക്കരുത്. ഇതിന്റെ പേരില്‍ ആവശ്യമില്ലാതെ കഥകള്‍ ഉണ്ടാക്കുകയാണ്. ബാലഭാസ്‌കറിന്റേത് അപകടമരണമാണ്. ഇതില്‍ യാതൊരു വിധ ദുരൂഹതയില്ലെന്നും പ്രകാശ് തമ്പി പറഞ്ഞു.ബാലഭാസ്‌കറിന് അപകമുണ്ടായപ്പോള്‍ സഹോദരനെപ്പോലെ താന്‍ കൂടെ നില്‍ക്കുകയാണ് ചെയ്തതെന്നും പ്രകാശ് തമ്പി പറഞ്ഞു.

തിരുവനന്തപുരത്തെ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റസ്(ഡിആര്‍ ഐ ) അറസ്റ്റു ചെയ്ത പ്രകാശ് തമ്പി ഇപ്പോള്‍ കാക്കനാട് ജയിലില്‍ റിമാന്റിലാണ്.പ്രകാശ് തമ്പിയും ബാലഭാസ്‌കറും തമ്മിലുണ്ടായിരുന്ന ബന്ധം സംബന്ധിച്ച് പലവിധത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായിരുന്നുവെന്നും പറയുന്നു.സ്വര്‍ണകടത്തു കേസില്‍ പ്രകാശ് തമ്പി അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കര്‍ കാര്‍ അപകടത്തില്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന വിധത്തില്‍ വാര്‍ത്തകള്‍ പുറത്തു വരാന്‍ തുടങ്ങിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തി പ്രകാശ് തമ്പിയെ ചോദ്യം ചെയ്തിരുന്നു.കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24-നുണ്ടായ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ ബാലഭാസ്‌കര്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. ബാലഭാസ്‌കറിന്റെ കുഞ്ഞും അപകടത്തില്‍ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Tags:    

Similar News