ആളുമാറി സംസ്‌കരിച്ചത് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ മൃതദേഹം

Update: 2022-08-04 19:39 GMT

കോഴിക്കോട്: പന്തിരിക്കര സ്വദേശി കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിനെ (26) സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കേസില്‍ പുതിയ വഴിത്തിരിവ്. തിക്കോടി കോടിക്കല്‍ കടപ്പുറത്തുനിന്ന് കണ്ടെത്തി സംസ്‌കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. ജൂലൈ 17ന് തിക്കോടി കോടിക്കല്‍ കടപ്പുറത്തുനിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ജൂണ്‍ ആറിന് കാണാതായ മേപ്പയൂര്‍ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപകിന്റെ മൃതദേഹമെന്നു കരുതി വീട്ടുകാര്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

എന്നാല്‍, ഇക്കാര്യത്തില്‍ ബന്ധുക്കളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം ദീപകിന്റേതല്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇര്‍ഷാദിന്റേതാണെന്ന് തെളിഞ്ഞത്. അതിനിടെ, ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. കല്‍പ്പറ്റ കടുമിടുക്കില്‍ ജിനാഫ് (31), വൈത്തിരി ചെറുമ്പാല ഷഹീല്‍ (26) എന്നിവരെയാണ് പേരാമ്പ്ര എഎസ്പി ടി കെ വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇതുവരെ കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി.

കണ്ണൂര്‍ പിണറായി സ്വദേശി മര്‍ഹബയില്‍ മര്‍സിദ് (32) തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. വിദേശത്ത് ജോലി ആവശ്യാര്‍ഥം പോയ ഇര്‍ഷാദ് മെയ് 14നാണ് നാട്ടിലെത്തിയത്. അടുത്ത ദിവസംതന്നെ കാണാതായി. രക്ഷിതാക്കളുടെ പരാതിയില്‍ പെരുവണ്ണാമൂഴി പോലിസ് അന്വേഷിച്ച് 16ന് വീടിനു സമീപം കണ്ടെത്തി പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി.

തുടര്‍ന്നാണ് പത്തനംതിട്ട സ്വദേശിനിയുടെ സ്വര്‍ണം ഇര്‍ഷാദ് വശമുണ്ടെന്ന ആരോപണവുമായി സംഘം വീട്ടിലെത്തിയത്. ഇര്‍ഷാദിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചവശനാക്കിയ നിലയിലുള്ള ഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഇതോടെയാണ് ജൂലൈ 28ന് പെരുവണ്ണാമൂഴി പോലിസില്‍ പരാതി നല്‍കിയത്. തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി.

Tags:    

Similar News