കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ് നിര്‍ത്താന്‍ കലക്ടറുടെ നിര്‍ദ്ദേശം; ലോറി ഉടമകള്‍ സമരം അവാനിപ്പിച്ചു

സമര സമിതി ഭാരവാഹികളും ദേശീയ പാത അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍ദ്ദേശം നല്‍കിയത്. ഈ മാസം 12 ന് രാവിലെ 8 മണി വരെയാണ് 20 അടി മുതല്‍ 40 അടി വരെയുള്ള കണ്ടെയ്‌നര്‍ ലോറികളെ ടോളില്‍ നിന്നും ഒഴിവാക്കിയത്

Update: 2019-02-08 11:05 GMT
കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ്  നിര്‍ത്താന്‍ കലക്ടറുടെ നിര്‍ദ്ദേശം;  ലോറി ഉടമകള്‍ സമരം അവാനിപ്പിച്ചു

കൊച്ചി: എറണാകുളം വല്ലാര്‍ പാടം കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ് താല്‍ക്കാലീകമായി നിര്‍ത്തിവെക്കാന്‍ എറണാകുളം ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ന്നു വന്ന കണ്ടെയ്‌നര്‍ ലോറികളുടെ സമരം അവസാനിപ്പിച്ചു.കലക്ടേട്രേറ്റില്‍ സമര സമിതി ഭാരവാഹികളും ദേശീയ പാത അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഈ നിര്‍ദ്ദേശം നല്‍കിയത്. ഇതനുസരിച്ച് ഈ മാസം 12 ന് രാവിലെ 8 മണി വരെയാണ് 20 അടി മുതല്‍ 40 അടി വരെയുള്ള കണ്ടെയ്‌നര്‍ ലോറികളെ ടോളില്‍ നിന്നും ഒഴിവാക്കിയത്. ടോള്‍ പിരിവിനെതിരെ കണ്ടെയ്‌നര്‍ ലോറി, കൊമേഴ്‌സ്യല്‍ വാഹന ഉടമകളും തൊഴിലാളികളും നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ഈ മാസം 6,7, തീയതികളിലും അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് സമരവുമായി ലോറി ഉടമകള്‍ മുന്നോട്ടു പോകുകയായിരുന്നു.

സമരം മൂലം വല്ലാര്‍ പാടം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും സ്തംഭിച്ചിരുന്നു.പ്രശ്‌നത്തില്‍ സമവായമുണ്ടാകാത്തതിനാല്‍ രമ്യമായ പരിഹാരത്തിന് സര്‍ക്കാര്‍ തല ഇടപെടല്‍ നടത്തുന്നതിന് ജില്ലാ ഭരണകൂടം സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തുകയും് ഈ മാസം 12 വരെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തത്. ടോള്‍ പിരിവ് നിര്‍ത്തി വെച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുകയാണെന്ന് കണ്ടെയ്‌നര്‍ മോണിറ്ററിംഗ് സമിതി കണ്‍വിനാര്‍ ചാള്‍സ് ജോര്‍ജ് തേജസ് ന്യൂസിനോട് പറഞ്ഞു. അടുത്ത ദിവസം എറണകുളത്തെത്തുന്ന മുഖ്യമന്ത്രിയെ നേരില്‍ കണ്ട്് ടോള്‍ നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടും.തുടര്‍ന്നും ടോള്‍ പിരിവ് ഏര്‍പ്പെടുത്തുകയാണെങ്കി്ല്‍ കണ്ടെയ്‌നര്‍ ലോഠി ഉമകള്‍ ടോള്‍ നല്‍കില്ല. ചരക്ക് നീക്കം നടത്താന്‍ കണ്ടെയ്‌നര്‍ ലോറി വിളിക്കുന്ന കസ്റ്റംസ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ഈ ടോള്‍ നല്‍കുമെന്നും ചാള്‍സ് ജോര്‍ജ് പറഞ്ഞു.


Tags:    

Similar News