കണ്ണൂര്‍: ആലക്കോട് വായാട്ടുപറമ്പില്‍ ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും തമിഴ്‌നാട് സ്വദേശിയുടേതെന്ന് സംശയം. പോലിസ് അറിയിച്ചതിനെ തുടര്‍ന്ന് കന്യാകുമാരി കല്‍ക്കുളം സ്വദേശി സോമന്റെ (61) മകള്‍ അനീഷയും ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ഷര്‍ട്ടും മുണ്ടും തിരിച്ചറിഞ്ഞു. അനീഷയും 5 ബന്ധുക്കളുമാണ് ഇന്ന് രാവിലെ ആലക്കോട് എത്തിയത്.
മൂന്നു ദിവസം മുമ്പാണ് ആളൊഴിഞ്ഞ പറമ്പില്‍ തലയോട്ടിയും അസ്ഥിയും കണ്ടത്. ഇതിനു സമീപത്തുനിന്ന് ലഭിച്ച ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സോമനില്‍ എത്തിയത്. നേരത്തെ ആലക്കോട് മേഖലയില്‍ വന്നിട്ടുള്ള ഇയാള്‍ ഇവിടെ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന ജോലി ചെയ്തിരുന്നു. സോമന് ആലക്കോട് സുഹൃത്തുണ്ടെന്നും പോലിസിന് മനസിലായി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലുള്ള മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഡിഎന്‍എ പരിശോധന നടത്താനാണ് പോലിസിന്റെ നീക്കം. എന്നാല്‍ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന കാര്യത്തില്‍ ഇതുവരെ സൂചനകളൊന്നും ലഭിച്ചില്ല.