സി ഒ ടി നസീറിനെ ആക്രമിച്ച സംഭവം: മൂന്നുപേര്‍ക്കെതിരേ വധശ്രമത്തിന് കേസ്

പ്രതികളെ കണ്ടെത്താനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച രാത്രി ഏഴരയോടെ തലശ്ശേരി ബസ് സ്റ്റാന്റിനു സമീപം കായ്യത്ത് റോഡ് കനക് റെസിഡന്‍സി കെട്ടിടപരിസരത്തുവച്ചാണ് നസീറിനു വെട്ടേറ്റത്.

Update: 2019-05-19 19:34 GMT

കോഴിക്കോട്: വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ സി ഒ ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. പ്രതികളെ കണ്ടെത്താനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച രാത്രി ഏഴരയോടെ തലശ്ശേരി ബസ് സ്റ്റാന്റിനു സമീപം കായ്യത്ത് റോഡ് കനക് റെസിഡന്‍സി കെട്ടിടപരിസരത്തുവച്ചാണ് നസീറിനു വെട്ടേറ്റത്.

ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് നസീറിനെ വെട്ടിയതെന്നാണ് പോലിസ് അന്വേഷണത്തില്‍ വ്യക്തമായത്. കൈക്കും കാല്‍മുട്ടിനും ഞായറാഴ്ച അടിയന്തര ശസ്ത്രക്രിയ നടത്തിയ നസീറിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. തലശ്ശേരിയില്‍നിന്നെത്തിയ പോലിസ് ആശുപത്രിയില്‍ നസീറില്‍നിന്ന് മൊഴിയെടുത്തു. ആക്രമിസംഘത്തെ കണ്ടാല്‍ തിരിച്ചറിയുമെന്ന് നസീര്‍ പോലിസിനോട് പറഞ്ഞതായാണ് വിവരം. കായ്യത്ത് റോഡില്‍ സംഭവസ്ഥലത്തെ സിസി ടിവി പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

തലശ്ശേരി മുന്‍ നഗരസഭാംഗവും സിപിഎം തലശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന നസീര്‍ കുറച്ചുകാലമായി പാര്‍ട്ടിയുമായി അകന്നുനില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നസീര്‍ പിന്നീട് ഉമ്മന്‍ചാണ്ടി തലശ്ശേരി റെസ്റ്റ്ഹൗസില്‍ വന്നപ്പോള്‍ നേരില്‍കണ്ട് നിരപരാധിത്വം ബോധിപ്പിച്ചിരുന്നു. പാര്‍ട്ടി അംഗത്വ ഫോറത്തില്‍ മതം എഴുതാന്‍ തയ്യാറല്ലെന്നതിന്റെ പേരില്‍ പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന നസീര്‍ പിന്നീട് സജീവരാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ നസീര്‍ രണ്ടുതവണ ആക്രമിക്കപ്പെട്ടിരുന്നു. 

Tags:    

Similar News