ആദിവാസി യുവതി ശോഭയുടെ മരണം; കൊലപാതകമെന്ന് ബന്ധുക്കൾ

ഡിസംബർ രണ്ടിന് രാത്രി ഒരു ഫോൺ വന്നതിന് ശേഷമാണ് ശോഭ വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്. പിറ്റേന്ന് രാവിലെ സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Update: 2020-02-17 04:12 GMT

മാനന്തവാടി: വയനാട് മാനന്തവാടി കുറുക്കൻമൂലയിലെ ആദിവാസി യുവതി ശോഭയുടെ മരണത്തില്‍ പ്രദേശവാസിയായ യുവാവിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. ശോഭയെ രാത്രി വിളിച്ചിറക്കികൊണ്ടുപോയത് അയല്‍വാസികൂടിയായ യുവാവാണെന്നും, മരണത്തില്‍ ഇയാളുടെ പങ്ക് അന്വേഷിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.

ഡിസംബർ രണ്ടിന് രാത്രി ഒരു ഫോൺ വന്നതിന് ശേഷമാണ് ശോഭ വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്. പിറ്റേന്ന് രാവിലെ സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ ഫോൺ ചെയ്തത് അയല്‍വാസി കൂടിയായ യുവാവാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണശേഷം യുവാവിന്‍റെ വീടിന് സമീപത്ത് നിന്നും ശോഭയുടെ ഫോണും കണ്ടെത്തിയിരുന്നു. കുടകിലെ ഇഞ്ചിപ്പാടങ്ങളിലേക്ക് ആദിവാസകളെ എത്തിക്കുന്നയാളാണ് യുവാവ്.

മരണകാരണം അബദ്ധത്തില്‍ ഷോക്കേറ്റതാണെന്ന പോലിസിന്‍റെ നിഗമനത്തിനെതിരേ ബന്ധുക്കള്‍ കൂടുതല്‍ സംശയങ്ങള്‍ ഉന്നയിക്കുന്നു. മൃതദേഹം കണ്ടെത്തിയ വയലില്‍ മുമ്പൊന്നും വൈദ്യുതിവേലി സ്ഥാപിച്ച് കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ പ്രദേശത്തെകുറിച്ചൊക്കെ നല്ല ധാരണയുള്ള ശോഭയ്ക്ക് എങ്ങനെ അബദ്ദത്തില്‍ ഷോക്കേല്‍ക്കുമെന്നും ഇവർ ചോദിക്കുന്നു.

ആരോപണ വിധേയനായ യുവാവിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ സമരമിരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. അതേസമയം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ശോഭ എങ്ങനെയെത്തിയെന്നത് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണം. 

Tags:    

Similar News