വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനം; 'ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടി'; സുപ്രിം കോടതി

Update: 2024-04-05 14:23 GMT

ന്യൂഡല്‍ഹി: പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ്. വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തിലെ സുപ്രിം കോടതി ഉത്തരവ് 10ാം തിയ്യതിക്കുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലില്‍ അയക്കുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനാണ് മുന്നറിയിപ്പ് നല്‍കിയത്.

റാണി ജോര്‍ജ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തില്‍ ഉത്തരവ് മനഃപ്പൂര്‍വം നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി നടപടി. അവിനാശ് പി, റാലി പിആര്‍, ജോണ്‍സണ്‍ ഇവി, ഷീമ എം എന്നിവരെ വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപികമാരായി നിയമിക്കാന്‍ സുപ്രിം കോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിര്‍ദേശിച്ചിരുന്നത്. കേസില്‍ ഹരജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് ചിബും അഭിഭാഷകന്‍ ദിലീപ് പോളക്കാടും ഹാജരായി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പിഎന്‍ രവീന്ദ്രനും സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷോങ്കാറും ഹാജരായി.


Tags:    

Similar News