കേന്ദ്രസര്‍ക്കാരിന്റെ സങ്കര ചികില്‍സാ പദ്ധതിക്കെതിരെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്കുന്നത്.കൊവിഡ് ചികില്‍സയെയും, അത്യാഹിത വിഭാഗങ്ങളെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Update: 2020-12-10 11:57 GMT

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സങ്കര ചികില്‍സാ പദ്ധതിക്കെതിരെ രാജ്യവ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ (ഐഎംഎ) ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും.രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്കുന്നത്.കൊവിഡ് ചികില്‍സയെയും, അത്യാഹിത വിഭാഗങ്ങളെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസ്സോസിയേഷന്‍ (കെപിഎച്ച്എ), കാത്തലിക്ക് ഹെല്‍ത്ത് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (സിഎച്ച്എഐ),കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസ്സോസിയേഷന്‍ (കെജിഎംഒഎ), ഇന്ത്യന്‍ ഡെന്റല്‍ അസ്സോസിയേന്‍ (ഐഡിഎ) എന്നീ സംഘടനകളും പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ടി വി രവി, സെക്രട്ടറി ഡോ. അതുല്‍ ജോസഫ് മാനുവല്‍ എന്നിവര്‍ അറിയിച്ചു.

മോഡേണ്‍ മെഡിസിനിലെ ബിരുദാനന്തര ബിരുദധാരികള്‍ ചെയ്യുന്ന 58 തരം ശസ്ത്രക്രിയകള്‍ ആയുര്‍വേദ വിദഗ്ധരെക്കൊണ്ട് നടത്തിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് സമരം. ആരോഗ്യരംഗത്ത് സ്വാതന്ത്ര്യാനന്തരം രാജ്യം കൈവരിച്ച മുഴുവന്‍ നേട്ടങ്ങളും ഇല്ലായ്മചെയ്ത് രാജ്യത്തെ സുശ്രുതാചാര്യന്റെ കാലത്തിലേയ്ക്ക് മടക്കികൊണ്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.

Tags:    

Similar News