തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്: ഇടനിലക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയാണ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്. 25 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്തുനിന്നും കൊണ്ടുവന്നിട്ടുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തി.

Update: 2019-05-29 12:21 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ പിടിയിലായി. തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയാണ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്. 25 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്തുനിന്നും കൊണ്ടുവന്നിട്ടുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി അഭിഭാഷകനായ ബിജുമോഹന്‍ കൈമാറുന്ന സ്വര്‍ണം കള്ളക്കടത്ത് സംഘത്തിലുള്ള തിരുവനന്തപുരം ആറ്റുകാല്‍ ഷോപ്പിംഗ് കോപ്ലക്‌സിലെ ഒരു ജ്വല്ലറി മാനേജറായ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണ്. നിരവധി തവണ ദുബയിലേക്ക് യാത്രചെയ്തിട്ടുണ്ട് പ്രകാശ്. സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ സ്വര്‍ണം കൈമാറുന്നത് പ്രകാശിനാണ്.

ഒളിവിലായിരുന്ന ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്. പ്രകാശ് തമ്പി വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറായിരുന്നു. ഡിആര്‍ഐ അന്വേഷിക്കുന്ന കേസിലെ പ്രധാനപ്രതിയായ മറ്റൊരു ഇടനിലക്കാരന്‍ വിഷ്ണു, ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജറായിരുന്നു. സ്വര്‍ണം പുറത്തേക്ക് കടത്താന്‍ സഹായിക്കുന്ന വിമാനത്താവളത്തിലെ ആറ് താല്‍ക്കാലിക ജീവനക്കാര്‍ നേരത്തെ പിടിയിലായിരുന്നു. ഇവരില്‍നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയിലേക്ക് നീങ്ങാനുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. 

Tags:    

Similar News