പത്തുവയസുകാരന്റെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പിഴയടച്ചില്ലേല്‍ ഒരു വര്‍ഷം കൂടി തടവനുഭവിക്കണം. അടച്ചാല്‍ തുക കുട്ടിയുടെ മാതാവിനു നല്‍കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന ജില്ലാ അഡീ.സെഷന്‍സ് (പോക്‌സോ) കോടതി വിധിച്ചു.2016 ഏപ്രില്‍ 26നു പുലര്‍ച്ചെയാണു വീടിനു സമീപത്തെ കടയിലേക്കു പോകുമ്പോള്‍ പറപ്പിള്ളി ജോണിന്റെ മകന്‍ റിസ്റ്റിയെ അയല്‍വാസിയായ പ്രതി അജി ദേവസ്യ(43) കുത്തിക്കൊലപ്പെടുത്തിയത്

Update: 2019-10-25 14:03 GMT

കൊച്ചി: കമ്മട്ടിപ്പാടത്തു പത്തുവയസ്സുകാരന്‍ റിസ്റ്റിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പുല്ലേപ്പടി ചെറുകരയത്ത് പൊന്നാശ്ശേരി വീട്ടില്‍ അജി ദേവസ്യയെ (43) ജീവപര്യന്തം തടവിനും 25,000 രൂപ പിഴക്കും കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലേല്‍ ഒരു വര്‍ഷം കൂടി തടവനുഭവിക്കണം. അടച്ചാല്‍ തുക കുട്ടിയുടെ മാതാവിനു നല്‍കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന ജില്ലാ അഡീ.സെഷന്‍സ് (പോക്‌സോ) കോടതി വിധിച്ചു.2016 ഏപ്രില്‍ 26നു പുലര്‍ച്ചെയാണു വീടിനു സമീപത്തെ കടയിലേക്കു പോകുമ്പോള്‍ പറപ്പിള്ളി ജോണിന്റെ മകന്‍ റിസ്റ്റിയെ അയല്‍വാസിയായ പ്രതി അജി ദേവസ്യ(43) കുത്തിക്കൊലപ്പെടുത്തിയത്. പുല്ലേപ്പടി ചെറുകരയത്തു ലൈനിലായിരുന്നു സംഭവം. ജോണിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചയാളെ ഒഴിവാക്കണമെന്ന്‌ലഹരിക്ക് അടിമയായിരുന്ന അജി പറഞ്ഞത് ജോണ്‍ കേട്ടില്ലെന്നും ഇത് പ്രതിക്ക് വൈരാഗ്യമുണ്ടാക്കിയെന്നുമാണ് കേസ്.

അജി തന്റെ കുടുംബാംഗങ്ങളെ ഉപദ്രവിക്കുമ്പോള്‍ അവരുടെ രക്ഷയ്‌ക്കെത്തിയിരുന്നത് അയല്‍ക്കാരനായ ജോണായിരുന്നു. ലഹരിമരുന്നു വാങ്ങാനും പണം ചോദിച്ചു തുടങ്ങിയപ്പോള്‍ ജോണ്‍ ഒഴിവാക്കി. ഇതോടെയും തോന്നിയ വൈരാഗ്യമാണു ജോണിന്റെ മകന്‍ റിസ്റ്റിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണു പ്രോസിക്യൂഷന്‍ കേസ്. അജിയെ ലഹരിമുക്ത ചികില്‍സയ്ക്കു കൊണ്ടുപോകുന്നതിനും ജോണ്‍ മുന്‍കൈ എടുത്തിരുന്നു. ഭക്ഷണം കഴിക്കാന്‍ പണം ചോദിക്കുമ്പോഴുംജോണ്‍ കൊടുക്കുമായിരുന്നു. സംഭവദിവസം കടയില്‍ മുട്ട വാങ്ങാന്‍ പോയ റിസ്റ്റിയെ പിന്തുടര്‍ന്ന അജി ഇടവഴിയിലാണ് ആക്രമിച്ചത്. റിസ്റ്റിയുടെ ശരീരത്തില്‍ ആഴത്തിലുള്ള 28 കുത്തുകളേറ്റു. റിസ്റ്റിയുടെ ആദ്യ കുര്‍ബാന സ്വീകരണച്ചടങ്ങിന്റെ ഒരുക്കത്തിന് ഇടയിലായിരുന്നു കൊലപാതകം. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വിധി പ്രഖ്യാപിക്കുവോള്‍ താന്‍ നിരപരാധിയാണെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. മാനസീക രോഗമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദവും പരിഗണിക്കപ്പെട്ടില്ല. റിസ്റ്റിയെ തനിക്ക് കണ്ടാലറിയുന്നമറ്റാരോ ആണ് കുത്തിയതെന്നും പിന്നീട് തന്റെ കാലിലേക്ക് തള്ളിയിട്ടതാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടര്‍മാരും പ്രതിക്ക് മാനസീക പ്രശ്‌നമില്ലെന്ന് കോടതിയില്‍ റിപോര്‍ട്ടും നല്‍കി.അയല്‍വാസിയായ സ്ത്രീയും മറ്റൊരാളും അജി റിസ്റ്റിയെ കുത്തുന്നത് ദൂരെ നിന്നും കണ്ടിരുന്നു. ഓടി വന്ന കുട്ടിയുടെ അമ്മ തന്നെയാണ് കുട്ടിയുടെ കഴുത്തില്‍ നിന്നും കത്തി വലിച്ചൂരിയത്. അയല്‍വാസിയായ സുഗതന്‍ പ്രതിയെ തടഞ്ഞു നിര്‍ത്തിയെങ്കിലും ഇയാള്‍ രക്ഷപെട്ടു സെന്‍ട്രല്‍ സി ഐ ജി ഡി വിജയകുമാറാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലാത്തതു കൊണ്ട് പ്രതിക്ക് വധശിക്ഷ നല്‍കുന്നില്ലെന്നും കോടതി വിധിയില്‍ പറഞ്ഞു. ലീഗല്‍ സര്‍വ്വീസ് വഴി നഷ്ടപരിഹാരം കുടുബത്തിനു നല്‍കാനും ഉത്തരവുണ്ട്.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബിന്ദു എം എ ഹാജരായി.

Tags:    

Similar News