ജാമ്യം നേടിയ ശേഷം വീണ്ടും കുറ്റകൃത്യം; രണ്ടു പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി

മാറമ്പിള്ളി സ്വദേശി അന്‍സാര്‍ (31),വടക്കേക്കര ചിറ്റുട്ടുകര സ്വദേശി ആരോമല്‍ (21) എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദ് ചെയ്തത്

Update: 2022-01-28 12:00 GMT

കൊച്ചി: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട രണ്ട് കുറ്റവാളികളുടെ ജാമ്യം റദ്ദാക്കി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ മാറമ്പിള്ളി സ്വദേശി അന്‍സാര്‍ (31), നെടുമ്പാശേരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വാഹന മോഷണ കേസില്‍ പ്രതിയായ വടക്കേക്കര ചിറ്റുട്ടുകര സ്വദേശി ആരോമല്‍ (21) എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദ് ചെയ്തത്.

എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം ജില്ല പോലിസ് മേധാവി കെ കാര്‍ത്തിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്‍സാറിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം നിലനില്‍ക്കേയാണ് മാറമ്പിള്ളിയില്‍ കൊറിയര്‍ വഴി 30 കിലോഗ്രാം കഞ്ചാവ് കൊണ്ടുവന്ന കേസില്‍ ഇയാള്‍ പ്രതിയായത്. തുടര്‍ന്നാണ് അന്‍സാറിനെ നടപടിക്ക് വിധേയനാക്കിയത്.

വാഹന മോഷണക്കേസില്‍ ജാമ്യം ലഭിച്ച ആരോമല്‍ വടക്കേക്കരയില്‍ വധശ്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദ് ചെയ്യാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് പോലിസ് പറഞ്ഞു.അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പി പി കെ ശിവന്‍ കുട്ടി, നെടുമ്പാശേരി എസ്എച്ച്ഒ പി എം ബൈജു , എഎസ്‌ഐ കെ ജി ബാലചന്ദ്രന്‍, എസ്‌സിപിഒ എസ് ജി പ്രഭ എന്നിവരാണ് ഉണ്ടായിരുന്നത്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കാപ്പ ഉള്‍പ്പടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News