മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ഓഫിസുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

ഹോളി ഫെയ്ത് എച്ച്ടുഒ, ആല്‍ഫ , ജെയിന്‍ കോറല്‍ കോവ് എന്നിവയുടെ ഓഫിസുകളിലും ഫ്‌ളാറ്റുകളിലുമായിരുന്നു ക്രൈം ബ്രാഞ്ച് സംഘത്തിന്റൈ പരിശോധന. ഫ്‌ളാറ്റുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫ്‌ളാറ്റുകളുടെ വില്‍പ്പനയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് രേഖകളുടെ പരിശോധനയില്‍ തെളിയുമെന്ന് ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു

Update: 2019-10-05 15:29 GMT

കൊച്ചി:തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ കൊച്ചിയിലെ ഓഫിസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. ഹോളി ഫെയ്ത് എച്ച്ടുഒ, ആല്‍ഫ , ജെയിന്‍ കോറല്‍ കോവ് എന്നിവയുടെ ഓഫിസുകളിലും ഫ്‌ളാറ്റുകളിലുമായിരുന്നു ക്രൈം ബ്രാഞ്ച് സംഘത്തിന്റൈ പരിശോധന. ഫ്‌ളാറ്റുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫ്‌ളാറ്റുകളുടെ വില്‍പ്പനയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് രേഖകളുടെ പരിശോധനയില്‍ തെളിയുമെന്ന് ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു.

ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ഉടമകള്‍ കഴിഞ്ഞ മാസം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഹോളി ഫെയ്ത് ബില്‍ഡേഴ്സിനെതിരെ മരടിലും ആല്‍ഫ വെഞ്ചേഴ്സ്, ജെയിന്‍ ഹൗസിങ് കണ്‍സട്രക്ഷന്‍ എന്നിവര്‍ക്കെതിരെ പനങ്ങാട്പോലിസിലുമാണ് പരാതി.മരട് നഗരസഭയില്‍ നടത്തിയ പരിശോധനയില്‍ ഫ്ളാറ്റുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നൂറ്കണക്കിന് രേഖകളാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. സര്‍വേ വകുപ്പിന്റെ സഹകരണത്തോടെ ഫ്‌ളാറ്റുകളുടെ സര്‍വേയും നടത്തി. അന്വേഷണ പുരോഗതി ക്രൈം ബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി വിലയിരുത്തി.എസ്പി വി എം മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മരട് ഫ്ളാറ്റ് വില്‍പ്പനയിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കുന്നത്. 

Tags:    

Similar News