ശ്രീജിവിന്റെ കസ്റ്റഡി കൊലപാതകം: അഞ്ചാം അനുസ്മരണയോഗം സംഘടിപ്പിച്ചു

കേസന്വേഷണത്തില്‍ പോലിസ് ഒത്തുകളിക്കുകയാണെന്ന് യോഗത്തില്‍ സംസാരിച്ച ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് ആരോപിച്ചു.

Update: 2019-05-22 05:48 GMT

തിരുവനന്തപുരം: പോലിസ് കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിവിന്റെ അഞ്ചാം വാര്‍ഷിക അനുസ്മരണം സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ ചേര്‍ന്നു. കേസന്വേഷണത്തില്‍ പോലിസ് ഒത്തുകളിക്കുകയാണെന്ന് യോഗത്തില്‍ സംസാരിച്ച ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് ആരോപിച്ചു. പോലിസ് കംപ്ലൈന്റ് അതോറിറ്റി നിര്‍ദേശിച്ചപോലെ കൊലപാതകത്തില്‍ ഉത്തരവാദികളായ പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഗോപകുമാര്‍, എസ്‌ഐ ഫിലിപ്പോസ്, കുറ്റകൃത്യത്തിന് കൂട്ടുനിന്ന സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ പ്രതാപചന്ദ്രന്‍, എസ്‌ഐ വിജയദാസ് എന്നിവര്‍ക്കെതിരേയും രേഖകള്‍ അട്ടിമറിച്ച പോലിസ് ഓഫിസര്‍ ബിജുകുമാര്‍ എന്നിവര്‍ക്കെതിരേയും കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റുചെയ്യണം.

 പോലിസ് അതിക്രമത്തില്‍ ഇരകളായ മുഴുവന്‍ ആളുകള്‍ക്കും നീതി ലഭ്യമാക്കണമെന്നും അതിനുവേണ്ടിയുള്ള സമരത്തില്‍ മുഴുവന്‍ ആളുകളും പങ്കാളികളാവണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു. തുടര്‍ന്ന് യോഗത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് പുരോഗമന യുവജനപ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി പി നഹാസ്, പോലിസ് അതിക്രമങ്ങള്‍ക്കെതിരായ വിദ്യാര്‍ഥി യുവജന കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹനീന്‍, ബ്രിജേഷ്, ഷിബിന്‍ ഷാ, ശ്രീജിത്തിന്റെ സുഹൃത്ത് മനു ഇമ്മാനുവല്‍ എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ശ്രീജിവിനെ 2014 മെയ് 19നാണ് പാറശ്ശാല പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. ക്രൂരമര്‍ദനത്തെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ 21ന് ശ്രീജിവ് കൊല്ലപ്പെട്ടു.


ശ്രീജിവിന്റെ നീതിക്കുവേണ്ടി സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ നാലുവര്‍ഷമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിലാണ്. കൈവശം സൂക്ഷിച്ചിരുന്ന വിഷം കഴിച്ചാണ് ശ്രീജിവ് കൊല്ലപ്പെട്ടതെന്നായിരുന്നു പോലിസ് ഭാഷ്യം. എന്നാല്‍, പോലിസിന്റെ ക്രൂരമര്‍ദനം മൂലമാണ് ശ്രീജിവ് കൊല്ലപ്പെട്ടതെന്ന് പോലിസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അത്തരത്തില്‍ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല.

നീണ്ടനാളത്തെ പോരാട്ടത്തിനൊടുവില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും നിരാഹാരം അവസാനിപ്പിക്കാന്‍ ശ്രീജിത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. ശേഷം സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പേരോ മറ്റ് ഔദ്യോഗിക വിവരങ്ങളോ വെളിപ്പെടുത്താതെ മൂന്നുപേര്‍ സാധാരണ വേഷത്തില്‍ ശ്രീജിത്തിനെ സമീപിക്കുകയും തങ്ങള്‍ സിബിഐ ഉദ്യോഗസ്ഥരാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍, നാലുവര്‍ഷം പിന്നിട്ടിട്ടും ഒരിക്കല്‍ പോലും തന്നെ സമീപിക്കുകയോ മൊഴിയെടുക്കുകയോ വിവരങ്ങള്‍ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് ശ്രീജിത്ത് പറയുന്നു. 

Tags:    

Similar News