ശ്രീജിവിന്റെ മരണം: സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി

ഹാജരാക്കേണ്ട 15 രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് തിരുവനന്തപുരം സി.ജെ.എം കോടതി റിപ്പോര്‍ട്ട് തള്ളിയത്. ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.

Update: 2019-09-06 05:00 GMT

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശിയായ ശ്രീജിവിന്റെ മരണം അന്വേഷിച്ച സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി. ഹാജരാക്കേണ്ട 15 രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് തിരുവനന്തപുരം സി.ജെ.എം കോടതി റിപ്പോര്‍ട്ട് തള്ളിയത്. ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.

കസ്റ്റഡി മരണത്തിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ആത്മഹത്യാ കുറിപ്പും തെളിവായി സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.

ശ്രീജീവിന്റെത് കസ്റ്റഡിമരണം ആണെന്ന് ഉറച്ചുനില്‍ക്കുകയാണ് സഹോദരന്‍ ശ്രീജിത്ത്. 2014 മെയ് 19നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജിവിനെ പാറശാല പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. 21ന് ഇയാള്‍ മരിക്കുകയായിരുന്നു. ലോക്കപ്പില്‍ വച്ച ശ്രീജീവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലിസ് പറഞ്ഞത്. എന്നാല്‍, അയല്‍വാസിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ശ്രീജീവിനെ പെണ്‍കുട്ടിയുടെ ബന്ധുവായ പോലിസുകാരന്റെ സഹായത്തോടെ അപായപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായ പോലിസുകാര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 782 ദിവസമാണ് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിയത്.

Tags:    

Similar News